ന്യൂദല്‍ഹി: കോളിവുഡിലും കോന്‍ ബനേഗാ ക്രോര്‍പതി വരികയാണ്. വിജയ് ടി.വിയാണ് ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോ ആയ കെ.ബി.സി കോളിവുഡിലേക്ക് കൊണ്ടുവന്നത്.

കോളിവുഡില്‍ കെ.ബി.സി എത്തിയെന്ന് കേട്ടപ്പോള്‍ എല്ലാവരും ചോദിച്ച ആദ്യത്തെ ചോദ്യം ബിഗ് ബിക്ക് പകരം ആരാണെന്ന് അവതാരകനായെത്തുന്നതെന്നാണ്. ഏഴാം അറിവില്‍ സന്യാസിയായി പ്രേക്ഷകരെ അമ്പരിച്ച സൂര്യയാണ് കെ.ബി.സിയില്‍ അവതാരകനായെത്തുന്നത്.

ഏഴാം അറിവിന് വേണ്ടി മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ച സൂര്യയിപ്പോള്‍ കെ.ബി.സിയില്‍ തിളങ്ങാനുള്ള പരിശീലനത്തിലാണ്. ബോളിവുഡ് കെ.ബി.സിയോട് മത്സരിക്കാന്‍ തയ്യാറായി തന്നെയാണ് സൂര്യ ഇറങ്ങുന്നത്. ചാനലും ഒട്ടും പിന്നോട്ടില്ല. മികച്ച സെറ്റുതന്നെയാണ് കെ.ബി.സിക്കായി തയ്യാറാക്കുന്നത്.

സൂര്യയുടെ സിനിമാ ജീവിതത്തിന്റെ ചാനല്‍ പരിപാടി ബാധിക്കുമോ എന്ന സംശയമാണ് പല ആരാധകര്‍ക്കും. എന്നാല്‍ കൃത്യമായ പ്ലാനിംഗിലാണ് നടന്‍. മാസത്തില്‍ ആറ് ദിവസം ഷോയുടെ ചിത്രീകരണത്തിനായി മാറ്റിവെക്കും. കെ.ബി.സി തന്റെ ഒരു ചിത്രത്തിന്റെയും ഷൂട്ടിംഗിനെ ബാധിക്കരുതെന്ന നിര്‍ബന്ധമുണ്ട് അദ്ദേഹത്തിന്.

ബോളിവുഡില്‍  ബിഗ് ബി , ഷാരൂഖ് ഖാന്‍ എന്നിവര്‍ അവതാരകരായി കെ.ബി.സി അഞ്ച് സീസണുകള്‍ പിന്നിട്ടിരിക്കുകയാണ്. കെ.ബി.സിയുടെ ഭോജ്പുരി വേര്‍ഷനില്‍ നടന്‍ ഷ്ട്രോംഗന്‍ സിന്‍ഹയും, ബംഗാളിയില്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുമായിരുന്നു അവതാരകര്‍.

Malayalam News

Kerala News In English