സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം ഏഴാം അറിവിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. സൂര്യ മൂന്ന് വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ സന്യാസി ലുക്കിലുള്ള പോസ്റ്ററാണ് പുറത്തായത്. ആക്ഷന്‍ ലുക്കില്‍ നില്‍ക്കുന്ന സിക്‌സ് പാക്ക് സന്യാസി!

ഏഴാം അറിവില്‍ സൂര്യ ഒരു സന്യാസിയെയും ശാസ്ത്രജ്ഞനെയും ഒരു സര്‍ക്കസ് കലാകാരനെയുമാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോളിവുഡില്‍ സൂര്യയുടെ മറ്റൊരു സൂപ്പര്‍ഹിറ്റാവുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിനുവേണ്ടി വന്‍ തയ്യാറെടുപ്പുകളുമായാണ് താരമെത്തിയത്. ചിത്രത്തിനുവേണ്ടി സൂര്യ സര്‍ക്കസ് അഭ്യസിച്ചു. ആയോധനമുറകള്‍ പഠിച്ചു.

റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിന്‍ നിര്‍മ്മിക്കുന്ന ചിത്രം എ.ആര്‍ മുരുഗദോസാണ് സംവിധാനം ചെയ്യുന്നത്. കമലഹാസന്റെ മകള്‍ ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

ഹോളിവുഡ് ബിഗ് ഹിറ്റ് സ്‌പൈഡര്‍മാന്‍ 2ല്‍ സ്‌പൈഡര്‍മാന്റെ ഡ്യൂപ്പായെത്തിയ ജോണി ട്രി ഗുയറാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തുന്നത്. മലയാളിയായ രവി കെ. ചന്ദ്രനാണ് ഛായാഗ്രഹണം.

ആയിരം നര്‍ത്തകരെ അണിനിരത്തിയുള്ള ഒരു ഗാനരംഗം ഏഴാം അറിവിന്റെ ഹൈലൈറ്റാണ്. ഹാരിസ് ജയരാജാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.