എഡിറ്റര്‍
എഡിറ്റര്‍
സദാചാര വിഴുപ്പുഭാണ്ഡം ചുമക്കുന്ന യൂണിവേഴ്‌സിറ്റി കോളേജ് എസ്.എഫ്.ഐ യൂണിയന്‍ ഈ ക്രൂരതയ്ക്ക് മറുപടി നല്‍കണം: ദുരാചാര ഗുണ്ടായിസത്തിന്റെ ഇരകള്‍
എഡിറ്റര്‍
Friday 10th February 2017 11:52am

suryaasmitha

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ ജിജീഷ് എന്ന യുവാവിനെ മര്‍ദ്ദിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോളേജ് വിദ്യാര്‍ത്ഥിനിയും ജിജീഷിന്റെ സുഹൃത്തുക്കളുമായ അസ്മിതയും സൂര്യഗായത്രിയും രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് എസ്.എഫ്.ഐ നടപടിയെ ഇവര്‍ രൂക്ഷമായി വിമര്‍ശിക്കുന്നത്.

”എനിക്ക് നിങ്ങളുടെ മാനവ അമാനവ കളികളെ കുറിച്ചൊന്നും അറിയില്ലെന്നും എനിക്കറിയാവുന്നത് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ യെ പറ്റിയും ഇന്നലെ അവര്‍ യാതൊരു കാരണവും ഇല്ലാതെ തല്ലിച്ചതച്ച എന്റെ കൂട്ടുകാരനെ പറ്റിയുമാണെന്നും അസ്മിത പറയുന്നു.

അതിനിടക്ക് ഞങ്ങളുടെ അടുത്തേക്ക് ഓടിവന്ന, ചേര്‍ത്തു പിടിച്ച എല്ലാ കൈകളും ഞങ്ങള്‍ക്കു പ്രിയപ്പെട്ടതാണ്. അതിനിടയില്‍ ഇത് നാടകമാണെന്നൊക്കെ പറഞ്ഞു വരുന്ന ഭക്തവല്‍സലന്മാര്‍ മേലില്‍ എന്റെ പോസ്റ്റിനടിയില്‍ വന്നു ഛര്‍ദ്ദിക്കരുതെന്നും അസ്മിത പറയുന്നു.

വൈകാരികമായി അങ്ങേയറ്റം അരക്ഷിതാവസ്ഥയിലുള്ളപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റിടണോ എന്ന് കുറേ ചിന്തിച്ചു. ഈ അവസ്ഥ തന്നെയാണ് ഇതിനെ കുറിച്ച് സംസാരിക്കാന്‍ ഏറ്റവും പറ്റിയത് എന്ന് തോന്നിയതു കൊണ്ടാണ് ഇത് കുറിക്കുന്നത്.

യൂണിവേഴ്‌സിറ്റി നാടകോല്‍സവത്തിന് മൂന്നാം സ്ഥാനം കിട്ടിയ നാടകം കോളേജില്‍ അവതരിപ്പിക്കുന്നു എന്നറിഞ്ഞാണ് ഞങ്ങള്‍ ജിജീഷിനേയും കൂട്ടി ഞങ്ങളുടെ കോളേജായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പോകുന്നത്.

പിന്നില്‍ കിടന്ന മൂന്നു കസേരകളിലായാണ് ഞങ്ങള്‍ ഇരുന്നത്. ജിജീഷ് ഞാനിരുന്ന കസേരയില്‍ പിന്നിലൂടെ അവന്റെ കൈ വച്ചിട്ടുണ്ടായിരുന്നൂ. ഇത് കണ്ട് യൂണിറ്റിലെ മൂന്നോ നാലോ പേര്‍ വന്ന് ജിജീഷിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് അവിടെ നിന്നും പോകാന്‍ തുടങ്ങിയ ഞങ്ങളെ ഗേറ്റിന് മുന്നില്‍ വെച്ച്ചിലര്‍ തടഞ്ഞ് നിര്‍ത്തുകയും ജിജീഷിനെ മര്‍ദ്ദിക്കുകയുമായിരുന്നു.

ആദ്യം ഒരുത്തന്‍, പിന്നീട് പല സ്ഥലത്തു നിന്നും ആണത്തം തെളിയിക്കാന്‍ ആരൊക്കെയോ. എന്തിനാണ് അടിക്കുന്നതെന്നു പോലും അറിയാതെ കൂട്ടത്തില്‍ തല്ലുന്നതിന്റെ ഓര്‍ഗാസം അനുഭവിക്കാന്‍ ഏതൊക്കെയോ ആളുകള്‍ കൂടിവന്ന് അവനെ അടിക്കുകയായിരുന്നു. ഞങ്ങളെ ഗേറ്റിന് വെളിയിലാക്കി വാതില്‍ അടക്കുകയും ചെയ്തു. – അസ്മിത പറയുന്നു.

ഇനി ഉണ്ടാകാന്‍ പോണതും ഞങ്ങള്‍ക്കറിയാം. അവന്‍ കോളേജിലെ ഏതെങ്കിലും പെണ്‍കുട്ടിയോട് മോശമായി പെരുമാറി എന്നും അതുകൊണ്ടാണ് അടിച്ചതെന്നും പറഞ്ഞ് ഏതെങ്കിലും ഒരുത്തിയെ കൊണ്ട് കേസ് കൊടുപ്പിക്കും.


Dont Miss തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐയുടെ സദാചാര ഗുണ്ടായിസം


ഞാനും സൂര്യയും ഭൂലോക വെടികളാണെന്നും ഞങ്ങളവിടെ വന്നത് വേറെന്തിനേലുമാണെന്നും അവന്റെയൊപ്പം അരുതാത്ത സാഹചര്യത്തില്‍ കണ്ടിട്ട് നിന്റെയൊക്കെ ആര്‍ഷഭാരത സംസ്‌കാരം തിളച്ചതാണെനന്നും പറയും. ഞങ്ങളെ അവിടെ ഒറ്റപ്പെടുത്തും.ഭീഷണിപ്പെടുത്തും. ഏറ്റവും കൂടിപ്പോയാല്‍ പഠിത്തം നിര്‍ത്തിക്കും.

പക്ഷേ ഒരു കാര്യത്തില്‍ ഞങ്ങള്‍ നിങ്ങളെ വെല്ലുവിളിക്കും. ഇന്ന് നീയൊക്കെ ഞങ്ങളോടിത് ചെയ്തപ്പൊള്‍ ഓടി വന്ന, ചേര്‍ത്തു പിടിച്ച ഞങ്ങടെ ഇത്രയും കൂട്ടുകാരില്ലേ, അത് പോലെ ഇന്നീ കൂട്ടം കൂടി അടിച്ചവരിലോ നിന്നെയൊക്കെ തീറ്റിപ്പോറ്റുന്നവരിലോ ഒരാള്‍ പോലും നിന്റെയൊന്നും കൂടെ ഒരു കാലത്തും നിക്കാന്‍ പോണില്ല. ഒരുത്തനെ പത്തു പേര്‍ ചേര്‍ന്നടിക്കാന്‍ നീയൊക്കെ കാണിക്കുന്ന ഈ മിടുക്കല്ല ആണത്തമെന്നും അസ്മിത പറയുന്നു.
വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ജിജീഷിന്റെ സുഹൃത്തും എസ്.എഫ്.ഐ പ്രവര്‍ത്തകയുമായ സൂര്യഗായത്രിയും രംഗത്തെത്തി.

തൊണ്ടകീറി മുദ്രാവാക്യം വിളിച്ചതിനും പ്രസ്ഥാനത്തെ ജീവനോളം ഇഷ്ടപ്പെട്ടിരുന്നതിനും തലസ്ഥാനത്തെ ‘ചെങ്കോട്ട’ എന്നറിയപ്പെടുന്ന യൂണിവേഴ്സ്റ്റി കോളേജില്‍ നിന്നും പ്രതീക്ഷിക്കാതെ കിട്ടിയ അടി ഒരുപാട് തിരിച്ചറിവുകള്‍ വീണ്ടും നല്‍കുന്നുണ്ടെന്ന് സൂര്യഗായത്രി പറയുന്നു.

ഒരു എസ്.എഫ്.ഐക്കാരിയായ താന്‍ യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസിന്റെ ചരിത്രത്തില്‍ അഭിമാനം കൊണ്ടാണ് ആ കോളേജ് തിരഞ്ഞെടുത്തത്.

എന്നാല്‍ എസ്.എഫ്.ഐയെ തന്നെ രണ്ടായി തരം തിരിക്കാമെന്ന പാഠമാണ് താന്‍ ഇവിടെ പഠി്ചത്. എസ്.എഫ്.ഐക്കകത്തു നിന്നും എസ്.എഫ്.ഐ യുടെ അനീതികള്‍ തിരുത്താന്‍ ചെല്ലരുതെന്ന മറ്റൊരു പാഠവും

ആ കോളേജിലാണ് പഠിക്കുന്നതെന്നുകൊണ്ടും നേരിട്ട് പലതിനും ദൃക്‌സാക്ഷിയായിട്ടുള്ളതുകൊണ്ടും എസ്.എഫ് .ഐ ക്കാരുടെ കരുനീക്കങ്ങള്‍ എങ്ങനെയാവുമെന്ന് തനിക്കറിയാമെന്നും ആണ്‍കുട്ടികളെ കഞ്ചാവും പെണ്‍കുട്ടികളെ അനാശാസ്യക്കാരിയുമാക്കുന്ന സ്ഥിരം പരിപാടികള്‍ തുടങ്ങിക്കാണുമെന്നും സൂര്യഗായത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഞങ്ങള്‍ക്കവിടെ തുടര്‍ന്നു പഠിക്കുകതന്നെ വേണം. സദാചാരത്തിന്റെ വിഴുപ്പുഭാണ്ഡം ചുമന്ന യൂണിവേഴ്സ്റ്റി കോളേജിലെ എസ്.എഫ്.ഐ യൂണിയന്‍ ഈ ക്രൂരതയ്ക്ക് മറുപടി തന്നേ തീരുവെന്നും സൂര്യതന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

ഫോട്ടോ കടപ്പാട് : മീഡിയാ വണ്‍

Advertisement