കോഴിക്കോടിന്റെ രാവുകള്‍ ഇനിയുള്ള അഞ്ച് നാളുകള്‍ സംഗീത-നൃത്ത സാന്ദ്രം. സൂര്യ നൃത്ത-സംഗീതോത്സവത്തിന് ഇന്ന് തിരിതെളിയുകയാണ്.

ഇന്ന്  വൈകിട്ട് ആറ് മണിക്ക് ടാഗോര്‍ ഹാളില്‍ പ്രിയദര്‍ശിനി ഗോവിന്ദിന്റെ ഭരതനാട്യത്തോടെയാണ് സൂര്യ നൃത്ത-സംഗീതോത്സവത്തിന് തുടക്കമാവുക.

Ads By Google

നാളെ തിരുവനന്തപുരം ‘സമുദ്ര’ അവതരിപ്പിക്കുന്ന ജലം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള സമകാലികനൃത്തമാണ് അരങ്ങേറുക. മധു ഗോപിനാഥ്, വക്കം സജീവ് എന്നിവരാണ് നൃത്തം അവതരിപ്പിക്കുന്നത്.

മീനാക്ഷി ശ്രീനിവാസന്റെ ഭരതനാട്യമാണ് ഒക്ടോബര്‍ നാലിലെ പ്രധാന പരിപാടി. ഹരിപ്രസാദ്, കാര്‍ത്തിക്, ജയശ്രീ, ശ്രീലക്ഷ്മി എന്നിവരാണ് പിന്നണിയില്‍.

ഒക്ടോബര്‍ അഞ്ചിന് ഗസല്‍ ഗായകന്‍ ഷഹബാസ് അമന്റെ ഗസലും ഹിന്ദുസ്ഥാനിയും ചേര്‍ന്ന ആലാപന മാധുരി കേള്‍ക്കാം.

തിരുവന്തപുരം കൃഷ്ണകുമാര്‍-ബിന്നി കൃഷ്ണകുമാര്‍ എന്നിവരുടെ കര്‍ണാടിക് സംഗീത കച്ചേരിയോടെ ഒക്ടോബര്‍ ആറിന് സൂര്യ നൃത്ത-സംഗീതോത്സവത്തിന് സമാപനമാകും.

എല്ലാദിവസം വൈകിട്ട് 6.30 നാണ് പരിപാടികള്‍ ആരംഭിക്കുക. കോഴിക്കോട് കോര്‍പ്പറേഷന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ബാങ്ക്‌മെന്‍സ് ക്ലബ്ബും ബാങ്ക്‌മെന്‍സ് ഫിലിം സൊസൈറ്റിയും ചേര്‍ന്നാണ് സൂര്യ നൃത്ത-സംഗീതോത്സവം സംഘടിപ്പിക്കുന്നത്.