Categories

സോപ്പിനുള്ളില്‍ ചിപ്പ്ഘടിപ്പിച്ച് സര്‍വ്വെ: ബീമാപള്ളി നിവാസികള്‍ പരിഭ്രാന്തിയില്‍

തിരുവനന്തപുരം: കുളിക്കാനുള്ള സോപ്പിനുള്ളില്‍ ഇലക്ട്രോണിക് ചിപ്പുകള്‍ ഘടിപ്പിച്ച് തീരദേശ മേഖലയില്‍ നടത്തുന്ന സര്‍വ്വെ വിവാദമാകുന്നു.  തിരുവനന്തപുരം  ബീമാപള്ളി മേഖലയിലെ 30ഓളം വീടുകളിലാണ് ഇലക്ട്രോണിക് ചിപ്പുകള്‍ ഘടിപ്പിച്ച സോപ്പും, മഗ്ഗും നല്‍കിയിരിക്കുന്നത്.  ആഗോള കമ്പനിയായ ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിനിന്റെ കീഴിലുള്ള ഇന്ത്യന്‍ ഉപകമ്പനിയാണ് സോപ്പുകള്‍ വിതരണം ചെയ്തത്.

സോപ്പുകള്‍ക്കുള്ളില്‍ ചിപ്പുകള്‍ കണ്ട നാട്ടുകാര്‍ ക്യാമറയാണെന്ന് കരുതി പരിഭ്രാന്തരായി. സര്‍വ്വെയുടെ ഉദ്ദേശം കമ്പനി നാട്ടുകാരെ വ്യക്തമായി പറഞ്ഞുമനസിലാക്കിയിരുന്നില്ല. സോപ്പുകള്‍ നാല് ദിവസം കഴിഞ്ഞ് തിരികെ വാങ്ങുമെന്ന് ആ സമയത്ത് സര്‍വ്വെയോട് സഹകരിച്ചവര്‍ക്ക് 400 രൂപ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചതായി നാട്ടുകാര്‍ പറയുന്നു.

തീരദേശ മേഖലയിലെ ശുചിത്വത്തെക്കുറിച്ച് പഠിക്കുകയാണ് സര്‍വ്വെയുടെ ഉദ്ദേശമെന്ന് കമ്പനിയുടെ കേരളത്തിലെ പ്രതിനിധി സുമ മാത്യൂസ് അറിയിച്ചു. സോപ്പിനുള്ളില്‍ ചിപ്പ് പിടിപ്പിച്ചാല്‍ എത്ര തവണ കുളിച്ചുവെന്നത് അടക്കമുള്ള കാര്യങ്ങള്‍ മനസ്സിലാകുമെന്നും ഇത് പഠനത്തിനായി ഉപയോഗിക്കുകയാണ് ഉദ്ദേശമെന്നുമാണ് അവര്‍ പറയുന്നത്. ബാംഗ്ലൂര്‍ ഹൈദരാബാദ് എന്നീ സ്ഥലങ്ങളില്‍ നേരത്തെ ഇതുപോലെ സര്‍വ്വെ നടത്തിയിട്ടുണ്ടെന്നും സുമ വ്യക്തമാക്കി.

എന്നാല്‍ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി സോപ്പുകള്‍ പിടിച്ചെടുത്തു. വിതരണത്തിനെത്തിയവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തീരദേശ മേഖലയില്‍ മാത്രം എന്തിനിത് നല്‍കി, സോപ്പിനുള്ളില്‍ ചിപ്പ് ഘടിപ്പിച്ച് എത്ര തവണ കുളിച്ചുവെന്ന് പരിശോധിക്കുന്നതിന്റെ അടിസ്ഥാനം എന്താണ് തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് നാട്ടുകാര്‍ ജീവനക്കാരെ തടഞ്ഞുവെച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇത്തരമൊരു സര്‍വ്വേ നടത്തിയത് എന്ന് വ്യക്തമായിട്ടുണ്ട്.

Malayalam news

One Response to “സോപ്പിനുള്ളില്‍ ചിപ്പ്ഘടിപ്പിച്ച് സര്‍വ്വെ: ബീമാപള്ളി നിവാസികള്‍ പരിഭ്രാന്തിയില്‍”

  1. Prathiba the Great

    കൊടും ഭീകരര്‍ ആയിരിക്കും. മുസ്ലിം പേര് അല്ലാത്തത് കൊണ്ട് കേസ് വേണ്ട. മാനസിക രോഗികള്‍ ആയിരിക്കും!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.