എഡിറ്റര്‍
എഡിറ്റര്‍
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്വകാര്യ ഏജന്‍സിയുടെ സര്‍വേ
എഡിറ്റര്‍
Saturday 11th January 2014 8:13pm

rahul-g

ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിയ്ക്കാന്‍ കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്വകാര്യ ഏജന്‍സിയുടെ സര്‍വേ.

രഹസ്യമായാണ് സര്‍വേ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. 543 മണ്ഡലങ്ങളിലും സര്‍വേ നടന്നു കഴിഞ്ഞു.

കോണ്‍ഗ്രസിന്റെ പല പ്രധാന നേതാക്കള്‍ക്കെതിരെയും ചില കേന്ദ്ര മന്ത്രിമാര്‍ക്കെതിരെയും ജനവികാരമുണ്ടെന്നും സര്‍വേ കണ്ടെത്തിയിട്ടുണ്ട്.

സര്‍വേയില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക രാഹുല്‍ ഗാന്ധി അംഗീകരിക്കും. ഇതിനു ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുകയുള്ളൂ.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിയ്ക്കാനായി ചെറുപ്പക്കാരായ നേതാക്കള്‍ രാഹുലിനെ പ്രീതിപ്പെടുത്തുന്ന തിരക്കിലാണെന്നും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ ഇത്തരം രീതികളോട് കടുത്ത എതിര്‍പ്പാണെന്നുമാണ് തലസ്ഥാനത്തു നിന്നുമുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനിയ്ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയെന്ന വാര്‍ത്ത പാര്‍ട്ടിയ്ക്കകത്തും പുറത്തും മുറുമുറുപ്പുകള്‍ സൃഷ്ടിക്കുന്നതു തന്നെ ഇതിന് ഉദാഹരണമായാണ് കണക്കാക്കുന്നത്.

എന്നാല്‍ നിലേകനിയ്ക്ക് പാര്‍ട്ടി ടിക്കറ്റ് നല്കിയെന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഇതു വരെയും ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

ഇനിയും നിലേകനിമാര്‍ കടന്നു വരുമോയെന്നതാണ് മുതിര്‍ന്ന നേതാക്കളെ കുഴക്കുന്ന പ്രശ്‌നം.

ഇതിനിടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കാന്‍ കോണ്‍ഗ്രസ് വിവിധ പരസ്യ കമ്പനികളേയും സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

ജപ്പാനിലെ ‘ദന്ത്‌സു’ എന്ന കമ്പനിയാണ് കോണ്‍ഗ്രസിനായി ഏറ്റവും നൂതനമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതെന്നാണ് വാര്‍ത്ത. സോഷ്യല്‍ സൈറ്റുകളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ മറ്റൊരു കമ്പനിയെ നിയോഗിച്ചുവെന്നും സൂചനയുണ്ട്.

തിരഞ്ഞെടുപ്പിലേയ്ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിയ്ക്കാന്‍ സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ സര്‍വേ നടത്തിയതില്‍ തെറ്റു കാണുന്നില്ലെന്നാണ് കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.

നരേന്ദ്ര മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വന്ന അവസരത്തില്‍ ജയിയ്ക്കാനായി കോണ്‍ഗ്രസ് നടത്തുന്ന ഏതു തന്ത്രവും ന്യായീകരിയ്ക്കാവുന്നതാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.

ഫെബ്രുവരി പകുതിയോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷന്മാരോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

എല്ലാ സംസ്ഥാനങ്ങളും ജനുവരി 27ന് മുമ്പ് കരടുപട്ടിക നല്‍കണം. ശേഷം സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേര്‍ന്ന് ഏറ്റവും യോഗ്യരായവരെ നിര്‍ണയിക്കും. അന്തിമ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പു സമിതി  പ്രഖ്യാപിക്കും.

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, മൂന്നുതവണ തോറ്റവര്‍ക്ക് ടിക്കറ്റ് നല്‍കേണ്ടതില്ലെന്ന് യോഗത്തില്‍ തീരുമാനവുമുണ്ടായി.

പ്രായം ചെന്നവരുടെ എണ്ണം അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കുറച്ചുകൊണ്ടുവരാനും, സ്വീകാര്യതയുള്ള യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനും ധാരണയായിരുന്നു.

Advertisement