കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുസ്ലിംകള്‍ക്ക് സംവരണം അനുവദിക്കുന്നതിന് മുമ്പ് സമുദായത്തിലെ സാമ്പത്തിക പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിന് സര്‍വേ നടത്തുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സമുദായ നേതാവ് ഖാരിഅ് ഫസലുര്‍റഹ്മാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ന്യൂനപക്ഷ വിഭാഗത്തിന്റെ ആവശ്യങ്ങളോട് പുറം തിരിഞ്ഞുനില്‍ക്കുന്നതിനെതിരെ ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഫസലുര്‍റഹ്മാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കൂടിക്കാഴ്ചക്ക് മമത തയ്യാറായത്.

ഡാര്‍ജലിംഗ്, ജംഗല്‍ മഹല്‍ തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ കാണിക്കുന്ന തിടുക്കം മുസ്ലിം സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങളുടെ കാര്യത്തില്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ കാണിക്കുന്നില്ലെന്നാണ് ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ ഖാരിഅ് ഫസലുര്‍റഹ്മാന്‍ പറഞ്ഞത്. തിരഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ മമത മറന്നാല്‍ കഴിഞ്ഞ ഇടത് സര്‍ക്കാറിനുണ്ടായ അനുഭവം ആവര്‍ത്തിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്താന്‍ ഏത് വിധത്തിലുള്ള സര്‍വേ നടത്തണമെന്നത് സംബന്ധിച്ച് മുഖ്യമന്ത്രി അഭിപ്രായമാരാഞ്ഞുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഫസലുര്‍റഹ്മാന്‍ പറഞ്ഞു. ആന്ധ്രാപ്രദേശിലും കര്‍ണ്ണാടകത്തിലും നേരത്തെ നടത്തിയതു പോലുള്ള ജനസംഖ്യാ കണക്കെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ നടത്തിയ സര്‍വേയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും ഫസലുര്‍റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാര്‍ മറ്റു പിന്നോക്ക വിഭാഗങ്ങളില്‍പ്പെടുന്ന മുസ്ലിംകള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തിന്റെ നിയമസാധുത മമത ചോദ്യം ചെയ്തു. ന്യൂനപക്ഷങ്ങളുടെ സംവരണത്തിന് പഴുതുകളില്ലാത്ത ബില്‍ നിയമസഭയില്‍ കൊണ്ടു വരുമെന്ന് മമത വ്യക്തമാക്കി.