കൊച്ചി: കേരളത്തില്‍ പരിശോധനവിധേയമാക്കിയ ഭക്ഷ്യോല്പന്നങ്ങളുടെ 11%ത്തിലും വിഷവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. 2,000 ഭക്ഷ്യോല്പനങ്ങളാണ് പരിശോധന വിധേയമാക്കിയത്. പത്തനംതിട്ടയ്ക്കരികിലുള്ള കോന്നിയിലെ ഫുഡ് ക്വാളിറ്റി മോണിറ്ററി ലാബില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ സാല്‍മൊണല്ല ബാക്ടീരിയകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തി.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത ഭക്ഷ്യസാധനങ്ങളാണ് പരിശോധനവിധേയമാക്കിയത്. 1955ലെ പ്രിവന്‍ഷന്‍ ഓഫ് ഫുഡ് അഡല്‍ട്രേഷന്‍ നിയമത്തില്‍ പറയുന്നത് പ്രകാരമുള്ള ഗുണനിലവാരം ഈ ഉല്പന്നങ്ങള്‍ക്കില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കറി പൗഡര്‍, അരി, ഗോതമ്പ് പൊടി, സുഗന്ധദ്രവ്യങ്ങള്‍, ശീതളപാനീയങ്ങള്‍, അച്ചാറുകള്‍, സോസസ്, പഴങ്ങള്‍, മഞ്ഞള്‍, വനസ്പതി, നെയ്യ്, സോയമില്‍ക്ക്, ഹെല്‍ത്ത് ഫുഡുകള്‍ തുടങ്ങിയ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് മുമ്പ് രാസപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നിയമമുണ്ട്. എന്നാല്‍ ഈ ഉല്പന്നങ്ങളൊന്നും രാസപരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Subscribe Us:

പത്തനംതിട്ട ജില്ലയിലെ ഹോട്ടല്‍ഭക്ഷണങ്ങളില്‍ നടത്തിയ പരിശോധനയില്‍ 36% സാമ്പിളുകളിലും ഇ. കോളി പോലുള്ള ബാക്ടീരിയകള്‍ അനുവദനീയമായ അളവിനേക്കാള്‍ 60% കൂടുതല്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു ഭക്ഷ്യസാധനങ്ങളില്‍ അനുവദനീയമായ അളവ് മാത്രമാണ് സൂക്ഷ്മാണുക്കള്‍ ഉള്ളതെങ്കില്‍ അത് കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാല്‍ ഈ അളവില്‍ കൂടുകയാണെങ്കില്‍ അതിനര്‍ത്ഥം ഭക്ഷണസാധനം പഴകിയതാണെന്നാണ്.

ഹോട്ടലില്‍ സാധാരണയായി വിളമ്പുന്ന ഭക്ഷണസാധനങ്ങളായ ബിരിയാണി, ചപ്പാത്തി, അപ്പം, ഇടിയപ്പം, ഇറച്ചിക്കറികള്‍, പച്ചക്കറികള്‍ എന്നിവയുടെ സാമ്പിളുകളാണ് പരിശോധിച്ചത്. 3% ഹോട്ടല്‍ഫുഡ് സാമ്പിളുകളില്‍ മാത്രമാണ് സാല്‍മൊണല്ലയും സ്റ്റഫാലോകോക്കസ് ഓറിയസും അനുവദനീയമായ അളവില്‍ കണ്ടതെന്ന് എഫ്.ക്യു.എം.എല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷം നിര്‍മ്മിക്കുന്ന ബാക്ടീരിയയാണ് സ്റ്റഫാലോകോക്കസ് ഓറിയസ്.

ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിക്കുന്നതിലും വൃത്തിയാക്കുന്നതിലും പാകം ചെയ്യുന്നതിലുമുള്ള അശ്രദ്ധയാണ് ഈ സാമ്പിളുകളിലെ പരിശോധനയില്‍ വ്യക്തമായതെന്ന് സി.എഫ്.ആര്‍.ഡി ഡയറക്ടര്‍ എം.കെ മുകുന്ദന്‍ പറഞ്ഞു. കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റിന്റെ കീഴില്‍ കേന്ദ്രസഹായത്തോടെയാണ് എഫ്.ക്യു.എം.എല്‍ പ്രവര്‍ത്തിക്കുന്നത്.

Malayalam news

Kerala news in English