ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയോഗം ദല്‍ഹിയില്‍ സമാപിച്ചു. സുപ്രീംകോടതിയ്ക്ക് സമര്‍പ്പിക്കേണ്ട അന്തിമറിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ അന്തിമരൂപം നല്‍കാന്‍ യോഗത്തില്‍ തീരുമാനമായില്ല. ഈ മാസം 26 ന് യോഗം വീണ്ടും ചേരും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുര്‍ക്കി പരിശോധ പൂര്‍ത്തിയാക്കാതെ ഉന്നതാധികാര സമതി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയായിരുന്നു. സുര്‍ക്കി പരിശോധന നടത്താതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ഇതുസംബന്ധിച്ച  പരാതി കേരളം ഉന്നതാധികാര സമിതിയ്ക്ക് രേഖാമൂലം സമര്‍പ്പിച്ചിരുന്നു.

സമിതിയുടെ തീരുമാനങ്ങള്‍ രഹസ്യമായിരിക്കുമെന്ന് സമിതി ചെയര്‍മാന്‍ ജസ്റ്റിസ് ആനന്ദ്  നിര്‍ദ്ദേശിച്ചിട്ടുണ്ട്. 11 അംഗങ്ങളാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്. സമിതിയുടെ കാലാവധി ഈ മാസം 29 അവസാനിക്കുകയാണ്.

കേരളത്തില്‍ പുതിയ ഡാമിന് അനുമതി നല്‍കുമോ എന്ന കാര്യത്തിലും അല്ലെങ്കില്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ വയ്ക്കുമോ എന്ന കാര്യത്തിലും സൂചനയൊന്നും ലഭിച്ചിട്ടില്ല. കേരളത്തിന് അനുകൂലമായ തീരുമാനം ഉന്നതാധികാര സമിതിയുടെ ഭാഗത്തുനിന്നു ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇനിവരുന്ന യോഗത്തിനു ശേഷം വ്യക്തത വരും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്ന തമിഴ്‌നാടിന്റെ വാദം ഉന്നതാധികാര സമിതി കണക്കിലെടുത്തേക്കാന്‍ സാധ്യതയുണ്ട്. അതേസമയം അണക്കെട്ട് എക്കാലവും സുരക്ഷിതമായിരിക്കുമെന്ന് പറയാന്‍ സമിതി തയ്യാറാവില്ല. സമിതിയുടെ വാദത്തില്‍  അന്തിമ തീരുമാനമെടുക്കുക സുപ്രീം കോടതിയായിരിക്കും.

സുര്‍ക്കി റിപ്പോര്‍ട്ടുകൂടി പരിഗണിക്കാന്‍ സമിതിയുടെ കാലാവധി ഒമ്പതു മാസമെങ്കിലും നീട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിന്റെ സുരക്ഷ അപകടത്തിലാണെന്നാണ് കഴിഞ്ഞ മാസങ്ങളില്‍ നടന്ന സുര്‍ക്കി പരിശോധന തെളിയിക്കുന്നത്. എന്നാല്‍ പരിശോധന പൂര്‍ത്തിയാക്കാതെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുതെന്ന് മുന്‍ ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

Malayalam News

Kerala News In English