Administrator
Administrator
സിനിമാ നിര്‍മാതാവ് സുരീന്ദര്‍ കപൂര്‍ അന്തരിച്ചു
Administrator
Sunday 25th September 2011 4:45am

മുംബൈ: ബോളിവുഡിലെ പ്രശസ്ത സിനിമാ നിര്‍മാതാവും ഹിന്ദി നടന്‍ അനില്‍ കപൂറിന്റെ പിതാവുമായ സുരീന്ദര്‍ കപൂര്‍ (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. നിര്‍മല്‍ കപൂറാണ് ഭാര്യ. നിര്‍മാതാവ് ബോണി കപൂര്‍, നടന്‍ സഞ്ജയ് കപൂര്‍, റീന എന്നിവരാണ് മറ്റു മക്കള്‍.

പഴയകാല ബോളിവുഡ് നടി ഗീതാ ബാലിയുടെ സെക്രട്ടറിയായാണ് സുരീന്ദറിന്റെ സിനിമയിലേയ്ക്കുള്ള രംഗപ്രവേശം. 1960ല്‍ കെ.ആസിഫിനൊപ്പം മുഗള്‍ ഇ ആസം എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവായാണ് തുടക്കം. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. തുടര്‍ന്ന് ഷെഹ്‌സാദ(1972), പോംഗാ പണ്ഡിറ്റ്(1975), ഫൂല്‍ ഖിലെ ഹേന്‍ ഗുല്‍ഷന്‍ ഗുല്‍ഷന്‍(1978), വോ സാത്ത് ദിന്‍(1983), ലോഫര്‍(1996), ജുദായി(1997), ഹമാരാ ദില്‍ ആപ്‌കെ പാസ് ഹെ(2000), പുകാര്‍(2000), നോ എന്‍ട്രി(2005) തുടങ്ങി നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു.

1995-2001 കാലഘട്ടത്തില്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രോഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ആയിരുന്നു.

Advertisement