കൊല്‍ക്കത്ത: ഇന്ത്യയുടെ നീലക്കുപ്പായത്തിലായാലും ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിലായാലും എം.എസ് ധോണിയെന്ന നായകന്റെ മനസാക്ഷിയാരെന്നു ചോദിച്ചാല്‍ ഉത്തരമൊന്നേയുള്ളൂ… സുരേഷ് റെയ്‌ന. ഐ.പി.എല്ലില്‍ ഇന്ന് രണ്ടു ടീമുകളുടെ താരങ്ങളാണ് ഇരുവരും. തന്റെ ക്യാപ്റ്റന്‍ കൂളിനെ മിസ് ചെയ്യുന്നുണ്ടെന്നു മാത്രമല്ല, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ടീം ധോണിയോട് പെരുമാറുന്നതില്‍ അതീവ ദു:ഖിതനുമാണ് റെയ്‌ന.

‘ എനിക്ക് അതിയായ വിഷമമുണ്ട്. രാജ്യത്തിനു വേണ്ടിയും ഐ.പി.എല്‍ ടീമുകള്‍ക്ക് വേണ്ടിയും അദ്ദേഹം ഒരുപാട് നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. എന്നും ആദരിക്കപ്പെടേണ്ട താരമാണ് ധോണി. ഇത് ഞാന്‍ മാത്രം പറയുന്നതല്ല. ലോകം മുഴുവന്‍ പറയുന്നതാണ്.’ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റെയ്‌ന പറയുന്നു.

അഞ്ച് കളികളില്‍ നിന്നും 61 റണ്‍സു മാത്രമാണ് ഐ.പി.എല്ലിന്റെ പത്താം അങ്കത്തില്‍ ധോണിയുടെ സമ്പാദ്യം. മോശം ഫോമിനെതിരെ ടീമുടമയടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു.

‘ അദ്ദേഹവുമായി ദീര്‍ഘനാള്‍ ഡ്രെസ്സിംഗ് റൂം പങ്കിട്ടുണ്ട്. അതുകൊണ്ടു തന്നെ വിഷമഘട്ടങ്ങളില്‍ ആ മനസ്സ് എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കറിയാന്‍ സാധിക്കും. ഒരു താരമെന്ന നിലയില്‍ ധോണി ബഹുമാനമര്‍ഹിക്കുന്നുണ്ട്. ഏത് പ്രൊഫഷന്‍ ആയാലും, കളിയായാലും മാധ്യമപ്രവര്‍ത്തനമായാലും ബഹുമാനിക്കപ്പെടണം. ഒരു താരത്തെ സംബന്ധിച്ചിടത്തോളം, അവന്റെ കരിയര്‍ എത്ര ചെറിയതാണെങ്കില്‍ കൂടി, ആദരിക്കപ്പെടുക എന്നതാണ് ഏറ്റവും വലിയ നേട്ടം.’ റെയ്‌ന പറയുന്നു.

വിമര്‍ശനങ്ങള്‍ ധോണിയെ ബാധിക്കുമോ എന്ന ചോദ്യത്തിന് ‘ എനിക്കു തോന്നുന്നില്ല. രണ്ടോ മൂന്നോ മത്സരത്തിനുള്ളില്‍ അദ്ദേഹം മുന്നോട്ടു വരും.’ എന്നായിരുന്നു റെയ്‌നയുടെ മറുപടി.


Also Read: ബി.ജെ.പി നേതാവ് കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറി അധിക്ഷേപിച്ചെന്ന് യു.പിയിലെ വനിതാ ഉദ്യോഗസ്ഥ


അതേസമയം ധോണി ടോപ്പ് ഓര്‍ഡറില്‍ ബാറ്റു ചെയ്യണമെന്നാണ് ആഗ്രഹമെന്നും ലോകോത്തര നിലവാരമുള്ള ഫിനിഷറാണ് ധോണിയെന്നും റെയ്‌ന അഭിപ്രായപ്പെട്ടു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടി കളിച്ചതാണ് ഐ.പി.എല്ലിലെ തന്റെ ബെസ്റ്റ് എക്‌സ്പീരിയന്‍സെന്നും താരം കൂട്ടിച്ചേര്‍ത്തു.