പൂനെ: കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി മുന്‍ ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുടെ ബാങ്ക് ലോക്കറുകള്‍ സി.ബി.ഐ പരിശോധിച്ചു. ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്.

കല്‍മാഡിയുടെ ഭാര്യയും റെയ്ഡ് സമയത്ത് അന്വേഷണ ഏജന്‍സി അധികൃതര്‍ക്കൊപ്പം ഉണ്ടായിരുന്നു. അതിനിടെ സുരേഷ് കല്‍മാഡിക്കെതിരേ അന്വേഷണ ഏജന്‍സി ഉടനേ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സൂചനയുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സി.ബി.ഐ കല്‍മാഡിയുടെ വീടുകളിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ഐ.സി.ഐ.സി.ഐ, സാരസ്വത് ബാങ്ക് എന്നിവയിലെ കല്‍മാഡിയുടെ അക്കൗണ്ടുകള്‍ സി.ബി.ഐ മരവിപ്പിച്ചിരുന്നു.

ഗെയിംസിനുള്ള കാറ്ററിംഗ് കരാര്‍ സ്വകാര്യ കമ്പനിക്ക് ഏല്‍പ്പിച്ചതില്‍ 24 കോടിരൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കല്‍മാഡിയുമായി ഏറ്റവുമടുത്ത ബന്ധമുണ്ടായിരുന്ന ലളിത് ഭാനോട്ട്, വര്‍മ്മ എന്നിവരെ സി.ബി.ഐ ഈയിടെ അറസ്റ്റുചെയ്തിരുന്നു.