ന്യൂദല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റും കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി ചെയര്‍മാനുമായ സുരേഷ് കല്‍മാഡിയുടെ ശനിദശ തീരുന്നില്ല. ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ റെയ്ഡ് നടത്തിയതിനു തൊട്ടുപിന്നാലെ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയുടെ (ഐ.ഒ.സി) അന്ത്യശാസനവും കല്‍മാഡിക്ക് ലഭിച്ചു.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ഭരണതലത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് സുരേഷ് കല്‍മാഡിക്ക് ഐ.ഒ.സി അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഐ.ഒ.സി അനുവദിച്ച സമയപരിധിക്കുള്ളില്‍ മാറ്റങ്ങള്‍ നടപ്പിലാക്കാനായില്ലെങ്കില്‍ കല്‍മാഡിയുടെ സ്ഥാനംതന്നെ തെറിച്ചേക്കുമെന്നാണ് സൂചന.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പ്രവര്‍ത്തനത്തില്‍ രാജ്യത്തെ സ്‌പോര്‍ട്ട് ഫെഡറേഷനുകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് ഐ.ഒ.സി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ,സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ആളുകളെ തിരഞ്ഞെടുക്കുമ്പോള്‍ ഇത്തരം സ്‌പോര്‍ട്ട്‌സ് ഫെഡറേഷനുകളുടെ പ്രസിഡന്റുമാര്‍ക്ക് മാത്രമേ വോട്ടവകാശം അനുവദിക്കാവൂ എന്നും അന്ത്യശാസനത്തിലൂടെ ഐ.ഒ.സി കല്‍മാഡിയെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ഭരണതലത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് നേരത്തേ ഐ.ഒ.സി കല്‍മാഡിക്ക് നോട്ടീസയച്ചിരുന്നു. എന്നാല്‍ ഇതില്‍ നടപടിയൊന്നും എടുക്കാത്തതിനെ തുടര്‍ന്നാണ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.