ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി ചെയര്‍മാനും കോണ്‍ഗ്രസ് എം.പിയുമായ സുരേഷ് കല്‍മാഡിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി കല്‍മാഡിയെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനിടെയാണ് അറസ്റ്റ് നടന്നത്.

Subscribe Us:

എ.എം ഫിലിംസുമായി കരാറിലേര്‍പ്പെട്ട കേസിലാണ് കല്‍മാഡിയെ അറസ്റ്റ് ചെയ്തത്. കരാറുമായി ബന്ധപ്പെട്ട് കല്‍മാഡിയെ വെട്ടിലാക്കുന്നതിനാവശ്യമായ തെളിവുകള്‍ പരിശോധനയ്ക്കിടെ സി.ബി.ഐക്ക് ലഭിച്ചിരുന്നു. കല്‍മാഡി പലരുമായും നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങളും ലഭിച്ച തെളിവുകളില്‍പ്പെടുന്നു.

ദര്‍ബാരി ഗെയിംസ് സംഘാടക സമിതി സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ട്, ജോയിന്റ് ഡയറക്ടര്‍ ടി.എസ് ദര്‍ബാരി, സജ്ഞയ് മൊഹീന്ദ്രു, വി.കെ വര്‍മ്മ എന്നിവരെ സി.ബി.ഐ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

വൈകിയാണെങ്കിലും കല്‍മാഡിയെ അറസ്റ്റ് ചെയ്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി വ്യക്തമാക്കി. എന്നാല്‍ കേസില്‍ ഇനിയും വിശദമായ അന്വേഷണം വേണമെന്നാണ് സി.പി.ഐ.എം ആവശ്യപ്പെട്ടിരിക്കുന്നത്.