രാഷ്ട്രീയപ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യത്തെ ആയുധം കൊണ്ട് നേരിടുന്നതിനും ചോദ്യം ചെയ്യുന്നതിനും താന്‍ എതിരാണെന്നും സുരേഷ് ഗോപി  പറഞ്ഞു


കണ്ണൂര്‍: അക്രമരാഷ്ട്രീയത്തിന് താന്‍ എതിരാണെന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. തന്റെ പാര്‍ട്ടിക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും താന്‍ കൊല്ലിനും കൊലയ്ക്കുമെതിരെ ശബ്ദിക്കുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

ധര്‍മടത്ത് കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

രാഷ്ട്രീയത്തെ ജനാധിപത്യപരമായി കൈകാര്യം ചെയ്യണം. ഇതിനായി ദേശീയതലത്തില്‍ യുദ്ധസമാനമായ നീക്കങ്ങള്‍ ആരംഭിക്കും. രാഷ്ട്രീയപ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യത്തെ ആയുധം കൊണ്ട് നേരിടുന്നതിനും ചോദ്യം ചെയ്യുന്നതിനും താന്‍ എതിരാണെന്നും സുരേഷ് ഗോപി അണ്ടല്ലൂരില്‍ പറഞ്ഞു.


Also Read: പ്രിയ സുഹൃത്തുക്കളേ…നമുക്കാരും ഒരു രൂപയും വെറുതേ തരില്ല എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്; സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളോട് സന്തോഷ് പണ്ഡിറ്റ്


കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിട്ടാണ് താന്‍ സന്തോഷിന്റെ വീട് സന്ദര്‍ശിക്കാനെത്തിയത്. തിരിച്ചു പോയാല്‍ ഉടന്‍ വിവരങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

സന്തോഷിന്റെ മകള്‍ വിസ്മയയോട് സുരേഷ് ഗോപി സംസാരിച്ചു. വിസ്മയയുടെ പഠനവിവരങ്ങള്‍ അദ്ദേഹം അന്വേഷിച്ചറിഞ്ഞു. തന്റേയും കുടുംബത്തിന്റേയും സ്വപ്നങ്ങള്‍ അച്ഛന്റെ മരണത്തോടെ ഇരുട്ടിലായെന്നാണ് വിസ്മയ പറഞ്ഞത്.

ജനുവരി ആദ്യമാണ് സന്തോഷ് കൊല്ലപ്പെടുന്നത്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഇരയായ സന്തോഷ് വീട്ടിനുള്ളില്‍ വെച്ചാണ് കൊല്ലപ്പെടുന്നത്.