തിരുവനന്തപുരം: ജനസംഖ്യവര്‍ധനവ് തടയുന്നതിന്റെ ഭാഗമായി കുട്ടികളുടെ എണ്ണം കുറയ്ക്കാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കാനുള്ള തീരുമാനത്തിനെതിരെ നടന്‍ സുരേഷ് ഗോപി രംഗത്ത്. കുട്ടികളുടെ എണ്ണം നിയന്ത്രിക്കാനും രണ്ടിലധികം കുട്ടികളുള്ള രക്ഷിതാക്കളെ ശിക്ഷിക്കാനുമുള്ള നിര്‍ദേശം രഹസ്യ അജണ്ടയുടെ ഭാഗമാണെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

കുട്ടികളുടെ എണ്ണം രണ്ടായിനിലനിര്‍ത്താനുള്ള നിര്‍ദ്ദേശം സര്‍ക്കാറിന് മുന്നില്‍ വന്നതിനെക്കുറിച്ച് ചാനലിനോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ഹിഡന്‍ അജണ്ടയുടെ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല. ഇത് മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ധൈര്യമുണ്ടോ എന്നാണറിയേണ്ടത്. ഇത് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്കും ബാധകമാക്കിയാല്‍ അതിന്റെ പരിധിയില്‍വരുന്നവരെ സ്ഥാനമാനങ്ങളില്‍ നിന്നും പുറത്താക്കുമോയെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ എത്ര വേണമെന്ന് തിരുമാനിക്കാനുള്ള സ്വാതന്ത്ര്യം രക്ഷാകര്‍ത്താക്കള്‍ക്ക് വിടുക. ചില അപ്രിയ സത്യങ്ങളുണ്ട്. അത് വിളിച്ച് പറയാന്‍ നമ്മള്‍ മടി കാണിക്കുകയാണ് എന്നതാണ് സത്യമെന്നും നാല് മക്കളുടെ പിതാവായ സുരേഷ് ഗോപി പറഞ്ഞു.

കുട്ടികള്‍ സമ്പത്താണ്. അവരെ നന്നായി വളര്‍ത്താനും അവര്‍ക്ക് നല്ല വിദ്യാഭാസം നല്‍കാനും രക്ഷിതാക്കള്‍ക്ക് കഴിയണം. ഇതിന് സാധിക്കാത്ത രക്ഷിതാക്കളെ സഹായിക്കാന്‍ സര്‍ക്കാരും സമുദായങ്ങളും പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ചെയ്യേണ്ടത്. ജീവനെ ഗര്‍ഭത്തില്‍ നിന്നുതന്നെ വധിക്കാന്‍ പ്രേരിപ്പിക്കുന്ന ഏത് നിയമവും എതിര്‍ക്കപ്പെടേണ്ടതാണ്. അതിന് മലയാളി സമൂഹം ശക്തമായി രംഗത്തുവരണണെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി.