കണ്ണൂര്‍: നടന്‍ തിലകനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മലയാള സിനിമയില്‍ അന്ത്യമില്ല. തിലകനെ പിന്തുണച്ചും തെറിപറഞ്ഞും പലരും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി കൂടി തിലകന്‍ പ്രശ്‌നത്തില്‍ നിലപാടറിയിച്ചിരിക്കുകയാണ്. തിലകനെ പിന്തുണച്ചുകൊണ്ടാണ് സുരേഷ് ഗോപി രംഗത്തുവന്നിരിക്കുന്നത്. മമ്മൂട്ടിയടക്കമുള്ള സൂപ്പര്‍താരങ്ങള്‍ തന്നെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന് തിലകന്‍ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെയാണ് സുരേഷ് ഗോപി പിന്താങ്ങിയതെന്നാണ് സൂചന.

എന്നാല്‍ സുരേഷ് ഗോപി തിലകനെ പൂര്‍ണമായും ന്യായീകരിക്കുന്നില്ല. തിലകന്‍ സാഹചര്യം മനസിക്കാതെ വികാരപ്രകടനം നടത്തിയത് ശരിയായില്ലെന്നും കണ്ണൂര്‍ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സുരേഷ് ഗോപി പറഞ്ഞു.

Subscribe Us:

2004ല്‍ സിനിമാരംഗത്തെ പ്രശ്‌നവുമായി ബന്ധപ്പെട്ട് അമ്മ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മോഹന്‍ലാലിനെ പിന്തുണച്ചതിന്റെ പേരില്‍ തന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയായിരുന്നു. എപ്പോഴും അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയായിരിക്കണം സംഘടനയില്‍ ഉണ്ടാകേണ്ടത്. സംഘടാനാത്വം എല്ലാവര്‍ക്കും ഒരു പോലെ ബാധകമായിരിക്കണം. അടുത്തകാലത്തിറങ്ങിയ തന്റെ സിനിമകള്‍ പരാജയപ്പെടാനുണ്ടായ കാരണങ്ങളുടെ കൂട്ടത്തില്‍ സിനിമ തിരഞ്ഞെടുത്തതിലെ പാളിച്ചകളും ഉണ്ടാവാമെന്ന് നടന്‍ പറഞ്ഞു.

താന്‍ രാഷ്ട്രീയം പഠിച്ചത് കെ.കരുണാകനെയും ഇ.കെ നായനാരെയും പോലുള്ളവരില്‍ നിന്നാണെന്ന് സുരേഷ് ഗോപി അനുസ്മരിച്ചു. അളക്കാന്‍ പറ്റാത്ത വ്യക്തിപ്രഭാവത്തിന് ഉടമയാണു കരുണാകരന്‍. അദ്ദേഹത്തിന്റെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യം തന്നെയാണ്. തനിക്ക് സജീവരാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പര്യമില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

താന്‍ ഉദ്ഘാടനം ചെയ്ത പാപ്പിനിശേരിയിലെ കണ്ടല്‍പാര്‍ക്ക് പ്രകൃതിയുടെ സംതുലാനാവസ്ഥയ്ക്കു കോട്ടം തട്ടുന്നതാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്ക് ഉദ്ഘാടനം ചെയ്തതു വലിയ അപരാധമായി കാണുന്നില്ല. ബയോളജി പഠിച്ച വ്യക്തി എന്ന നിലയില്‍ കണ്ടല്‍ പാര്‍ക്ക് പരിസ്ഥിതിയ്ക്ക് കോട്ടം തട്ടുമെന്ന് കരുതുന്നില്ല. അവിടുത്തെ പ്രശ്‌നം രാഷ്ട്രീയം മാത്രമാണ്. കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.