കൊച്ചി: യുവനടിക്കെതിരായ ആക്രമണത്തില്‍ നടിയ്ക്ക് പിന്തുണയുമായി എം.പിയും നടനുമായി സുരേഷ് ഗോപി രംഗത്ത്. അതിക്രമങ്ങള്‍ ചെറുക്കാന്‍ എലാ ശ്രമങ്ങളും ഉണ്ടാവണം. ഇനിയൊരു പെണ്‍കുട്ടിയ്ക്ക് നേരേയും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ഒരുത്തനും ധൈര്യപ്പെടരുതെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

സംഭവത്തില്‍ താന്‍ നടിക്കൊപ്പമുണ്ടെന്നും സുരേഷ് ഗോപി പറയുന്നു. സ്വന്തം അഭിമാനത്തിന് നേരെ ഉയരുന്ന ചെറുചലനങ്ങളില്‍ പോലും ചതഞ്ഞു നെഞ്ചുരുകി പോകുന്നവരുടെ ദുഖത്തിന്റെ ആഴം നമ്മള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറയുന്നു.

നടിക്കെതിരായ ആക്രമണത്തില്‍ നടിയ്ക്ക് പിന്തുണയുമായി സിനിമരംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു.


Also Read: മെഴുകുതിരി ഏന്തി ഇരയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് നിര്‍ത്തൂ, വേണ്ടത് കടുത്ത ശിക്ഷ; നടിക്കെതിരായ ആക്രമണത്തില്‍ മോഹന്‍ലാല്‍


കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ താരങ്ങളായ പൃഥ്വിരാജ്, അനൂപ് മേനോന്‍, മുകേഷ്, റിമാ കല്ലിങ്കല്‍, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

സുരേഷ് ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സ്വന്തം അഭിമാനത്തിന് നേരെ ഉയരുന്ന ചെറുചലനങ്ങളില്‍ പോലും ചതഞ്ഞു നെഞ്ചുരുകി പോകുന്നവരുടെ ദുഖത്തിന്റെ ആഴം കൂടി നമ്മള്‍ അറിഞ്ഞു വയ്ക്കണം എന്ന സാമൂഹ്യപാഠം കൂടിയാണ് എന്റെ കുഞ്ഞനുജത്തിയ്ക്കുണ്ടായ ദുരനുഭവം നമുക്ക് മുന്നില്‍ തുറന്നു വയ്ക്കുന്നത്. ഇതിനെ ചെറുക്കാന്‍
എല്ലാ ശ്രമങ്ങളും ഉണ്ടാകണം. എന്റെ പിന്തുണ ! ഇനിയൊരു പെണ്‍കുട്ടിയ്ക്ക് നേരെയും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ഒരുത്തനും ധൈര്യപ്പെടരുത് ! ഞാന്‍ കൂടെയുണ്ട് !