Administrator
Administrator
സുരേന്ദ്രന്‍ പിള്ളയെ മന്ത്രിയാക്കാന്‍ എല്‍ ഡി എഫ് തീരുമാനം
Administrator
Tuesday 27th July 2010 12:23pm

തിരുവനന്തപുരം: പി സി തോമസ് വിഭാഗത്തിലെ വി സുരേന്ദ്രന്‍ പിള്ളക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ എല്‍ ഡി എഫ് യോഗം തീരുമാനിച്ചു. വകുപ്പ് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഏത് വകുപ്പ് നല്‍കണമെന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.

തനിക്ക് മന്ത്രിസ്ഥാനം ലഭിക്കുന്നത് വൈകിയിട്ടില്ലെന്നും ഏത് വകുപ്പ് നല്‍കണമെന്നത് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും വി സുരേന്ദ്രന്‍ പിള്ള പറഞ്ഞു. തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും എല്‍ ഡി എഫിലെ എല്ലാ ഘടകകക്ഷികളോടും നന്ദിയുണ്ടെന്നും പി സി തോമസ് പറഞ്ഞു. എന്നാല്‍ സുരേന്ദ്രന്‍പിള്ള നേരത്തെ മന്ത്രിയാകേണ്ട ആളായിരുന്നെന്നും വൈകിയെത്തിയ നീതിയാണിതെന്നും പി സി വിഭാഗം നേതാവ് സ്‌കറിയ തോമസ് അഭിപ്രായപ്പെട്ടു. പൊതുമരാമത്തുവകുപ്പിന്റെ ചുമതല സുരേന്ദ്രന്‍ പിള്ളക്ക് ലഭിച്ചേക്കില്ലെന്ന് സൂചനയുണ്ട്. നിലവില്‍ തോമസ് ഐസകാണ് പൊതുമരാമത്ത് വകുപ്പിന്റെ ചുമതല നിര്‍വ്വഹിക്കുന്നത്.

പ്രതിസന്ധിഘട്ടത്തില്‍ സി പി ഐ എം നൊപ്പം നിന്ന പി സി വിഭാഗത്തെ സഹായിക്കുമെന്ന വാഗ്ദാനമാണ് ഇതോടെ പാലിക്കപ്പെട്ടിരിക്കുന്നത്. അതിനിടെ രണ്ട് എം എല്‍ എമാരുള്ള എന്‍ സി പി മന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ചിട്ടില്ലെന്നും ആവശ്യമായ സമയത്ത് എല്‍ ഡി എഫില്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നും പാര്‍ട്ടി നേതാവ് എ സി ഷണ്‍മുഖദാസ് പറഞ്ഞു.

മന്ത്രിസഭാപ്രാതിനിധ്യം ആവശ്യപ്പെട്ട് പി സി തോമസ് വിഭാഗം തിങ്കളാഴ്ച എല്‍.ഡി.എഫിന് കത്തുനല്‍കിയിരുന്നു. ഈ കാര്യത്തില്‍ സി പി ഐ എം നേതൃത്വത്തില്‍ നിന്നും ചില ഉറപ്പുകള്‍ ലഭിച്ചുവെന്നും സൂചന ഉണ്ടായിരുന്നു. പി സി തോമസ് വിഭാഗം മന്ത്രിസ്ഥാനത്തിന് അവകാശം ഉന്നയിച്ചാല്‍ അതിനെ എതിര്‍ക്കേണ്ടെന്ന് നേരത്തെ സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവും തീരുമാനിച്ചിരുന്നു.

Advertisement