എഡിറ്റര്‍
എഡിറ്റര്‍
കാണാതാകുന്ന കുട്ടികളുടെ കാര്യത്തില്‍ ആര്‍ക്കും ആശങ്കയില്ല: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
എഡിറ്റര്‍
Wednesday 6th February 2013 8:58am

ന്യൂദല്‍ഹി: രാജ്യത്ത് കാണാതാകുന്ന കുട്ടികളുടെ കാര്യത്തില്‍ ആര്‍ക്കും ഒരു ആശങ്കയുമില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍. ബച്പന്‍ ബചാവോ ആന്തോളന്‍ എന്ന സംഘടന നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് അഭിപ്രായ പ്രകടനം നടത്തിയത്.

Ads By Google

കാണാതാകുന്ന കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ ഫയല്‍ ചെയ്യാത്ത സംസ്ഥാന സര്‍ക്കാറുകളെ കോടതി വിമര്‍ശിച്ചു.
ഗുജറാത്ത്, തമിഴ്‌നാട്, അരുണാചല്‍ പ്രദേശ് എന്നീസംസ്ഥാനങ്ങളിലെ സെക്രട്ടറിമാരോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ പറഞ്ഞെങ്കിലും ഇവര്‍ ഹാജരായില്ല. കോടതിയെ ആരെങ്കിലും കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുമെന്നും ഇത് കോടതിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.

അതേസമയം ഗോവ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ കോടതിയില്‍ ഹാജരായിരുന്നു. ചീഫ് സെക്രട്ടറിമാര്‍ ഹാജരാകാത്ത സംസ്ഥാനങ്ങളോട് അടുത്തതവണ കോടതി ആവശ്യപ്പെടുമ്പോള്‍ അഭിഭാഷകര്‍ മുഖേനയല്ലാതെ നേരിട്ട് ഹാജരാവാന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവെ, വിക്രമജിത്ത് സിങ്‌
എന്നിവരും ബഞ്ചില്‍ ഉണ്ട്.

കേരളത്തില്‍ കാണാതാകുന്ന കുട്ടികളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക മോണിറ്ററിങ്ങ് സെല്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഒരോ പോലീസ് സ്‌റ്റേഷനിലും കുട്ടികളെ സംബന്ധിച്ച അന്വേഷണത്തിന് സ്‌റ്റേഷന്‍ഹൗസ് ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു.

കാണാതായ  കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ ഫയല്‍ ചെയ്ത് ഉടന്‍ തന്നെ സ്ത്യവാങ്ങ് മുലം സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. നിലവിലെ സ്ഥിതിയുട റിപ്പോര്‍ട്ട് ഉടന്‍ ഹാജരാക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോടും കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 1.7 ലക്ഷം കുട്ടികളെ കാണാതായിട്ടുണ്ടെന്ന് ബച്പന്‍ ബചാവോ ആന്തോളന്‍ എന്ന സംഘടന  കോടതിയില്‍ സമര്‍പ്പിച്ച  സത്യവാങ്മൂലത്തില്‍ പറയുന്നു. ലൈംഗികചൂഷണത്തിനും, ബാലവേലക്കും കുട്ടികളെ വന്‍തോതില്‍ തട്ടികണ്ടു പോകുന്നു എന്നും ഹരജിയില്‍ പറയുന്നു.

Advertisement