എഡിറ്റര്‍
എഡിറ്റര്‍
‘പടച്ചോനേ ഇങ്ങള് കാത്തോളീന്ന് പറഞ്ഞ് ഞാനൊരു എഴുത്തായിരുന്നു.’ പരീക്ഷ പേപ്പര്‍ നോക്കിയ അധ്യാപകരെ പൊട്ടിച്ചിരിപ്പിച്ച ആ ഉത്തരം വന്ന കഥ സുരഭി പറയുന്നു
എഡിറ്റര്‍
Sunday 14th May 2017 3:37pm

ഹാസ്യ പരിപാടികളിലൂടെ സിനിമയിലെത്തിയ സുരഭി ലക്ഷ്മി മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സുരഭി പ്രേക്ഷകരെ മാത്രമല്ല പരീക്ഷ പേപ്പര്‍ നോക്കിയ അധ്യാപകരെ വരെ ചിരിപ്പിച്ചിട്ടുണ്ട്.

സുരഭി തന്നെയാണ് ആ കഥ പറഞ്ഞത്. കൈരളി ചാനലിലെ ജെ.ബി ജങ്ഷന്‍ എന്ന പരിപാടിയിലായിരുന്നു സുരഭി നാടക പഠന കാലത്തെ രസകരമായ അനുഭവം പങ്കുവെച്ചത്.

ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് ബ്ലോക്കിംഗ്, പുവര്‍ തിയ്യേറ്റര്‍ എന്നിവയെക്കുറിച്ച് ഉപന്യാസമെഴുതുകയെന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് സുരഭി തന്റെ ‘ഐതിഹാസികമായ കണ്ടെത്തല്‍’ അവതരിപ്പിച്ചത്.

‘ഫസ്റ്റ് സെമസ്റ്ററിനുള്ള ക്വസ്റ്റ്യന്‍ പേപ്പറാണ് ബ്ലോക്കിങ്. എസ്സെ ആണെന്ന് ഓര്‍ക്കണേ…’ സുരഭി കാര്യം വിശദീകരിക്കുകയാണ്.


Must Read: മോദി പഠിച്ചെന്നവകാശപ്പെടുന്ന പാഠ്യപദ്ധതി ആ സമയത്ത് യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായിരുന്നില്ലെന്ന് ഗുജറാത്ത് യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍


‘ഇതൊന്ന്വെന്റെ ജീവിതത്തീ പോലും കേട്ടിരുന്നില്ല. എന്ത് ബ്ലോക്കിങ്. മൂന്നാളുണ്ട് ക്ലാസില്‍ ഇവരാരും ഒന്നുംമിണ്ടുന്നില്ല. അരമണിക്കൂറ് ഞാളിങ്ങനെ അങ്ങോട്ടിങ്ങോട്ടും ഒര് ചോദ്യത്തിനും ഒര് ഉത്തരോല്ല ഞാക്ക്.’

‘പിന്നെ അപ്പോളും പടച്ചോനേ ഇങ്ങള് കാത്തോളീന്ന് പറഞ്ഞ് ഞാനൊരെയ്ത്തങ്ങ് എയ്തി.’

‘നാടകത്തില്‍ പൊതുവെ സംഘട്ടനങ്ങള്‍ ഉണ്ടാവാറുണ്ടല്ലോ. ആ സമയത്ത് നായകന്‍ വില്ലന്റെ അടി ബ്ലോക്കു ചെയ്യുന്നു. വില്ലന്‍ നായകന്റെ അടി ബ്ലോക്കു ചെയ്യുന്നു. പിന്നെ കുടുംബ നാടകങ്ങളാകുമ്പോള്‍ അച്ഛനും അമ്മയും സാധാരണ പ്രശ്‌നങ്ങളുണ്ടാക്കുമല്ലോ. ആ സമയത്ത് അച്ഛന്റെ അടി അമ്മ ബ്ലോക്ക് ചെയ്യുന്നു, അമ്മയുടെ അടി അച്ഛന്‍ ബ്ലോക്ക് ചെയ്യുന്നു.’ താന്‍ ‘കണ്ടെത്തിയ ഉത്തരം’ സുരഭി വിശദീകരിക്കുന്നു.

യഥാര്‍ത്ഥത്തിലെന്താണ് ബ്ലോക്കിങ്ങെന്നും സുരഭി അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്. ‘നമ്മള്‍ ഒരു പ്ലെ ചെയ്യുമ്പോള്‍ ചില സീനുകള്‍ ബ്ലോക്കു ചെയ്തുവെയ്ക്കും. ഉദാഹരണത്തിന് നീയും ഞാനും മാത്രമാണ് റിഹേഴ്‌സലിനുള്ളതെങ്കില്‍ നമ്മുടെ സീന്‍ മാത്രം ബ്ലോക്കു ചെയ്തുവെയ്ക്കും.’ സുരഭി പറയുന്നു.

പുവര്‍ തിയ്യേറ്റര്‍ എന്ന ടേമിന് താനുണ്ടാക്കിയ നിര്‍വചനം സുരഭി വിശദീകരിക്കുന്നതിങ്ങനെയാണ്-
‘ഞങ്ങളുടെ നാട്ടിലൊക്കെ പാറപ്പുറം കലാവേദിയിലൊക്കെ നാടകം ചെയ്യുമ്പോള്‍ ഞങ്ങളുടെ കയ്യിലൊന്നും പൈസയുണ്ടാവാറില്ല. ആ സമയത്ത് വളരെ പാവപ്പെട്ടവര്‍ ചെയ്യുന്ന നാടകത്തെ പുവര്‍ തിയ്യേറ്റര്‍ എന്നു പറയുന്നു. അഥവാ പാവപ്പെട്ടവന്റെ നാടകം എന്നു പറയുന്നു.’

നാടകത്തില്‍ നടനെ സഹായിക്കുന്ന സെറ്റുകള്‍ പോലുള്ള വസ്തുക്കളെയെല്ലാം ഒഴിവാക്കി നടന്റെ സാധ്യതകള്‍ മാത്രം ഉപയോഗപ്പെടുത്തുന്നതിനെയാണ് പുവര്‍ തിയ്യേറ്റര്‍ കൊണ്ടുദ്ദേശിക്കുന്നതെന്നും സുരഭി വിശദീകരിക്കുന്നു.

Advertisement