എഡിറ്റര്‍
എഡിറ്റര്‍
ദേശീയ അവാര്‍ഡൊക്കെ കിട്ടിയെങ്കിലും സുരഭിയ്‌ക്കൊരു വിഷമമുണ്ട്
എഡിറ്റര്‍
Friday 7th April 2017 10:13pm

കൊച്ചി: ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങള്‍ ചെയ്‌തെങ്കിലും ടെലിവിഷന്‍ പരിപാടികളിലൂടെയാണ് സുരഭി മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. എം80 മൂസയിലെ പാത്തു എന്ന കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ സുരഭിയെ പ്രശസ്തയാക്കിയത്. ഇപ്പോഴിതാ ദേശീയ പുരസ്‌കാരം സുരഭിയെ തേടിയെത്തുമ്പോള്‍ ആ നേട്ടം അര്‍ഹതയ്ക്കുള്ള മികച്ച അംഗീകാരവും ആവുകയാണ്.

പുരസ്‌കാര വാര്‍ത്ത സുരഭി അറിഞ്ഞത് സലാലയില്‍ വച്ചായിരുന്നു. എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ സുരഭിയെ കാത്ത് സന്നദ്ധ പ്രവര്‍ത്തകരുടെ സംഘം ബൊക്കെയുമായി നില്‍പ്പുണ്ടായിരുന്നു. ”അവര്‍ ബൊക്ക കൈമാറിയപ്പോള്‍ എന്തിനാണെന്ന് മനസിലായില്ല. കാര്യം തിരക്കിയപ്പോഴാണ് മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചെന്ന് അറിഞ്ഞത്. ഈ സമയത്ത് നാട്ടിലില്ലാതെ പോയതില്‍ വിഷമമുണ്ട്.’ ആ നിമിഷത്തെ കുറിച്ച് സുരഭി പറയുന്നു.

അവാര്‍ഡുണ്ടെന്ന് അറിഞ്ഞപ്പോഴും മികച്ച നടിയ്ക്കുള്ള പുരസ്‌കാരമാണെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും. എന്തെങ്കിലും ഒരു പരാമര്‍ശമെങ്കിലും ലഭിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും. മികച്ച നടിക്കുള്ള അവാര്‍ഡാണെന്ന് അറിഞ്ഞപ്പോള്‍ കുറച്ച് നേരത്തേക്ക് സ്തബ്ധയായിപ്പോയെന്നും സുരഭി പറഞ്ഞു.


Also Read: മുഖ്യമന്ത്രിയെ കൊല്ലാന്‍ ഇവിടെയൊരു ഭീകരനുമില്ലേ!; പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു


മിന്നാമിനുങ്ങ് ടീമിനോടുള്ള സന്തോഷം പങ്കുവച്ച സുരഭി അവാര്‍ഡിനെ കുറിച്ച് ഒരു സൂചനയെങ്കിലും ലഭിച്ചിരുന്നെങ്കില്‍ താന്‍ സലാലയിലേക്ക് വരില്ലായിരുന്നുവെന്നാണ് പറയുന്നത്.

ബൈ ദ് പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് സുരഭി മലയാള സിനിമയിലേക്കെത്തുന്നത്. ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയിരുന്നു. 2016 ലെ മലയാളം ഫിലിം ക്രിട്ടിക്‌സ് അവാഡും നേടി.

Advertisement