ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തന്നെ അറസ്റ്റ് ചെയ്തതിനെതിരെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി.

Ads By Google

Subscribe Us:

ജസ്റ്റീസ് അഫ്താബ് ആലവും രഞ്ജന പ്രകാശ് ദേശായിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അതേസമയം ജഗന്റെ ജാമ്യഹരജിയില്‍ സി.ബി.ഐയുടെ മറുപടി തേടാനും കോടതി തീരുമാനിച്ചു.

കഴിഞ്ഞമാസം ആന്ധ്ര ഹൈക്കോടതിയും സി.ബി.ഐ കോടതിയും ജഗന് ജാമ്യം നിഷേധിച്ചിരുന്നു.

കേസില്‍ മെയ് 27 നാണ് ജഗന്‍മോഹന്‍ റെഡ്ഡിയെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. ജഗന്‍ ഇപ്പോള്‍ ചഞ്ചല്‍ഗുഢ ജയിലില്‍ റിമാന്‍ഡിലാണ്. 43,000 കോടി രൂപയുടെ സാമ്പത്തിക തിരിമറികളാണ് ജഗന്റെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്.

ജഗന്റെ കമ്പനികളിലെ സാമ്പത്തിക സ്രോതസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ ജാമ്യം അനുവദിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും സി.ബി.ഐ കോടതിയില്‍ വാദിച്ചു. എന്നാല്‍ തന്നെ കുടുക്കാനായി കെട്ടിച്ചമച്ച കേസാണ് ഇതെന്നും തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നുമാണ് ജഗന്റെ വാദം.