എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി കേസ്: പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
എഡിറ്റര്‍
Thursday 31st January 2013 2:00pm

ന്യൂല്‍ഹി: സൂര്യനെല്ലി കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. കേസില്‍ മൂന്നാഴ്ച്ചക്കകം മുഴുവന്‍ പ്രതികളും കീഴടങ്ങണമെന്നും ആറ് മാസത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കണമെന്നും സുപ്രീം കോടതി വിധിച്ചു.

Ads By Google

കേസില്‍ ഹൈക്കോടതിയുടെ വിധി ഞെട്ടിപ്പിക്കുന്നതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.  പെണ്‍കുട്ടിയുമായി  കേസിലെ 35 പ്രതികളും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് കുട്ടിയുടെ സമ്മതപ്രകാരമാണെന്നും പെണ്‍കുട്ടിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും മറ്റുമായിരുന്നു കേരള ഹൈക്കോടതി വിധിച്ചിരുന്നത്.

എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ വെറുതെ വിട്ടതെന്ന് ചോദിച്ച സുപ്രീം കോടതി ധര്‍മരാജന്റെ തെളിവുകള്‍ മാത്രം അടിസ്ഥാനപ്പെടുത്തി മറ്റ് പ്രതികളെ വെറുതെ വിട്ടത് ഞെട്ടിപ്പിക്കുന്നതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

 

കേസില്‍ മൂന്നാഴ്ച്ചക്കകം മുഴുവന്‍ പ്രതികളും കീഴടങ്ങണമെന്നും ആറ് മാസത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കണമെന്നും സുപ്രീം കോടതി വിധിച്ചു

പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ പിതാവിന് തന്നെ സംശയമുണ്ടായിരുന്നു. കന്യാസ്ത്രീകള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ താമസിച്ച പെണ്‍കുട്ടി പുറത്ത് പോവുകയാണെങ്കില്‍ തന്നെ വിവരമറിയിക്കണമെന്ന് പിതാവ് നിര്‍ദേശം നല്‍കിയിരുന്നതായും ഹൈക്കോടതി പറഞ്ഞിരുന്നു.

ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയതോടെ കേസ് വീണ്ടും ഹൈക്കോടതിയുടെ പരിധിയില്‍ വരും.  കേസിലെ മുഴുവന്‍ പ്രതികളുടെയും ജാമ്യവും സുപ്രീം കോടതി റദ്ദാക്കി. ഇവര്‍ക്ക് വേണമെങ്കില്‍ പിന്നീട് ജാമ്യം നേടാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

എ.കെ പട്‌നായിക്കും ഗ്യാന്‍ സുധാ മിശ്രയും അടങ്ങുന്ന പ്രത്യേക ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സൂര്യനെല്ലി പീഡനക്കേസിലെ അപ്പീല്‍ നീണ്ടുപോകുന്നത് പെണ്‍കുട്ടിയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും അടിന്തരമായി കേസ് പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

2000 സപ്തംബര്‍ ആറിന് കോട്ടയത്തെ പ്രത്യേക വിചാരണ കോടതി 36 പ്രതികള്‍ക്കും തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും.  ധര്‍മ്മരാജന്‍ ഒഴികെ മുഴുവന്‍ പ്രതികളേയും വെറുതെവിട്ടുകൊണ്ട് ഹൈക്കോടതി വിധിപുറപ്പെടുവിക്കുകയുമായിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ 2005 ല്‍ സുപ്രീംകോടതിയില്‍ പെണ്‍കുട്ടി സമര്‍പ്പിച്ച ഹരജിയാണ് എട്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നത്.

പെണ്‍കുട്ടിയുടെ ഹരജിക്ക് പുറമേ ധര്‍മ്മരാജന്റെ ശിക്ഷ കൂട്ടണമെന്നും ഹൈക്കോടതി വെറുതെവിട്ട ജോസഫ് എന്ന ബേബിയെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടും സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

1996 ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി 40 ഓളം ദിവസം 35 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നായിരുന്നു കേസ്. കേസിലെ പ്രധാന പ്രതി ധര്‍മരാജന് വിചാരണക്കോടതി ജീവപര്യന്തം തടവ് വിധിച്ചെങ്കിലും ഹൈക്കോടതി അത് അഞ്ച് വര്‍ഷമാക്കി ചുരുക്കുകയും  50,000 രൂപ പിഴയും ചുമത്തിയിരുന്നു.

 

Advertisement