ന്യൂദല്‍ഹി: ഗുജറാത്ത് വംശഹത്യ സംബന്ധിച്ച അന്വേഷണത്തില്‍ തുടര്‍ന്നും മേല്‍നോട്ടം വഹിക്കുമെന്ന് സുപ്രീംകോടതി. സുപ്രീംകോടതി മേല്‍നോട്ടത്തിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ദീര്‍ഘനാളായി സുപ്രീംകോടതി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുകയാണെന്നും മറിച്ചൊരു നിര്‍ദേശം വേണമെങ്കില്‍ അത് പിന്നീട് നല്‍കുമെന്നും കോടതി സര്‍ക്കാറിനെ അറിയിച്ചു. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ ആരംഭിച്ചതിനാല്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടം അവസാനിപ്പിക്കണമെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

കലാപം അടിച്ചമര്‍ത്താന്‍ നരേന്ദ്ര മോഡിയും 62 മുതിര്‍ന്ന ഉദ്യോഗസ്ഥരും മനപൂര്‍വം വീഴ്ച വരുത്തിയെന്ന് കാണിച്ച് കോണ്‍ഗ്രസ് എം.പിയായിരുന്ന ഇഹ്‌സാന്‍ ജഫ്രിയുടെ വിധവ സമര്‍പ്പിച്ച ഹരജി സെപ്തംബര്‍ 13ന് പരിഗണിക്കവെ ഇക്കാര്യത്തില്‍ എന്തെങ്കിലും ഉത്തരവിടാന്‍ സുപ്രീംകോടതി അന്ന് വിസമ്മതിച്ചിരുന്നു. വിഷയം വിചാരണ കോടതിയുടെ പരിഗണനക്ക് വിടുകയും ചെയ്തിരുന്നു.