ന്യൂദല്‍ഹി: കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ സാക്ഷികളായ ഇറ്റാലിയന്‍ നാവികരെ ആവശ്യമുള്ള സമയത്ത് എത്തിക്കാമെന്ന് ഉറപ്പു നല്‍കിയാല്‍ മാത്രമെ ഇറ്റാലിയന്‍ കപ്പലായ എന്റിക ലക്‌സി വിട്ട് കൊടുക്കാനാവൂ എന്ന് സുപ്രീംകോടതി. അറസ്റ്റിലായ നാവികരെ കൂടാതെ മറ്റു നാവികരെ കേസിന്റെ നടപടി ക്രമങ്ങള്‍ക്കനുസരിച്ച് ഹാജരാക്കുമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്നും കപ്പല്‍ വിട്ട്‌കൊടുക്കുന്നത് ക്രിമിനല്‍ നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലാവണമെന്നും കോടതി നിര്‍ദേശിച്ചു.

രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ച് കൊന്ന കേസില്‍ നിയമ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടെന്ന നിഗമനത്തിലാണ് നടപടികള്‍ ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. ക്രിമിനല്‍ നടപടികളെ ബാധിക്കാത്ത തരത്തിലായിരിക്കണം കപ്പല്‍ വിട്ടുകൊടുക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.

സംഭവം നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്താണെന്നും നടപടിയെടുക്കാന്‍ കേരള സര്‍ക്കാറിന് അധികാരമില്ലെന്നും നേരത്തെ കേന്ദ്രം വാദിച്ചത് വിവാദമായിരുന്നു. പിന്നീട് അഡീഷനല്‍ സോളിസിറ്റര്‍ ജനറലിനെ മാറ്റി ഈ നിലപാടില്‍ നിന്ന് പിന്നാക്കം പോവുകയായിരുന്നു കേന്ദ്രം.

ഇറ്റാലിയന്‍ സര്‍ക്കാറും കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും തമ്മിലുണ്ടാക്കിയ ഒത്തു തീര്‍പ്പു കരാറിന് വെറും പാഴ്ക്കടലാസിന്റെവിലമാത്രമാണെന്നും ചൊവ്വാഴ്ച സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കോടതികളില്‍ ഈ കരാറിന് യാതൊരു വിലയുമില്ല. കരാര്‍ തയ്യാറാക്കിയ അഭിഭാഷകര്‍ ഇന്ത്യന്‍ നിയമവ്യവസ്ഥകള്‍ കണക്കിലെടുക്കേണ്ടതായിരുന്നു. കരാര്‍ കൊണ്ടുള്ള ദൂഷ്യവശങ്ങളെക്കുറിച്ച് കക്ഷികളെ മനസ്സിലാക്കിക്കാനും അഭിഭാഷകര്‍ തയ്യാറാകണമെന്നും കോടതി പരാമര്‍ശിച്ചു.

ഒത്തുതീര്‍പ്പ് കരാര്‍ കോടതിക്ക് റദ്ദാക്കാമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി  നല്‍കിയ രണ്ടുകോടിരൂപ തിരിച്ചുവേണ്ടെന്നും ഇറ്റാലിയന്‍ അധികൃതര്‍ കോടതിയില്‍ വ്യക്തമാക്കി.

ഒത്തുതീര്‍പ്പുകരാര്‍ നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് കരാറുണ്ടാക്കിയ ലോക്അദാലത്തിനെയും കരാര്‍ അംഗീകരിച്ച ഹൈക്കോടതിയെയും കരാറിനെതിരെ മിണ്ടാതിരുന്ന സംസ്ഥാന സര്‍ക്കാരിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Malayalam News

Kerala News in English