ന്യൂ ദല്‍ഹി: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് സംബന്ധിച്ച് തുടരന്വേഷണത്തില്‍ വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി വിധി. കൊല ചെയ്യപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം. പി എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാഖിയ ജഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ് മൂന്നംഗ ബഞ്ചിന്റെ വിധി. പരാതിക്കാര്‍ക്ക് നോട്ടീസ് നല്‍കാതെ കേസ് അവസാനിപ്പിക്കരുതെന്നും സൂപ്രീംകോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് കൈമാറാനും വിചാരണ കോടതിക്ക് ഉചിതമായ തീരുമാനമെടുക്കമെന്നും കോടതി വ്യക്തമാക്കി. സാഖിയ ജഫ്രിയുടെ വാദവവും കേള്‍ക്കണമെന്നും വിധിയില്‍ പറയുന്നുണ്ട്.

പ്രാര്‍ത്ഥന വിഫലമായി, മോഡിക്ക് ആഘോഷിക്കാം എന്ന് പരാതിക്കാരിയും ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യയുമായ സാഖിയ ജഫ്രി മോഡിക്ക് ആശ്വാസമായ വിധിയെക്കുറിച്ച് പ്രതികരിച്ചു.

മോഡിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പോലീസും ഉള്‍പ്പെട്ട ഗൂഢാലോചനയാണ് കലാപത്തിനു പിന്നിലെന്ന ജഫ്രി പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനായി ആര്‍.കെ രാഘവന്റെ നേതൃത്വത്തിലുള്ള സംഘത്തെ സുപ്രീംകോടതി ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഈ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നരേന്ദ്രമോഡിക്കെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നില്ല. എന്നാല്‍, രാഘവന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിന് പകരം മോഡിയെ പ്രതി ചേര്‍ക്കുന്നതിന് തെളിവുണ്ടോ എന്ന് പരിശോധിച്ച് മറ്റൊരു റിപ്പോര്‍ട്ട് നല്‍കാന്‍ രാജു രാമചന്ദ്രനെ അമിക്കസ് ക്യുറിയായി സുപ്രീംകോടതി നിയോഗിക്കുകയായിരുന്നു. മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരായ നിയമനടപടിക്ക് തെളിവില്ലെന്ന ആര്‍.കെ രാഘവന്റെ കണ്ടെത്തലിന് വിരുദ്ധമായിട്ടാണ് രാജു രാമചന്ദ്രന്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

രണ്ട് റിപ്പോര്‍ട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് സുപ്രിംകോടതി ഇന്ന് വ്യക്തമാക്കി.