ന്യൂദല്‍ഹി: രണ്ടാം തലമുറ സ്‌പെക്ട്രം വിതരണത്തിലുണ്ടായ അഴിമതിയെക്കുറിച്ചുള്ള അന്വേഷണം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കും. വിഷയത്തില്‍ സി ബി ഐയുടെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2001 മുതലുള്ള സ്‌പെക്ട്രം ഇടപാടുകള്‍ പരിശോധിക്കാന്‍ സി ബി ഐയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനും സുപ്രീംകോടതി നിര്‍ദേശം നല്‍കി. വിഷയത്തില്‍ ആദായ നികുതി വകുപ്പ് സി ബി ഐക്ക് റിപ്പോര്‍ട്ട് നല്‍കണം. ഫെബ്രുവരി പത്തിനകം അന്വേഷണ പുരോഗതിയുടെ പ്രഥമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സുപ്രീംകോടതി അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേസില്‍ സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് ആവശ്യപ്പെട്ട് ‘ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍’ ആയിരുന്നു ഹരജി സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ ജി എസ് സിംഗ്വിയുടേയും എ കെ ഗാംഗുലിയുടേയും നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

1.76 കോടിയുടെ അഴിമതി എന്ന പരിധിയില്‍ നിന്നുകൊണ്ടു മാത്രമല്ല അന്വേഷണം നടത്തേണ്ടതെന്നും 2001 ലെ എന്‍ ഡി എ സര്‍ക്കാറിന്റെ കാലത്തുമുതലുള്ള ക്രമക്കേടുകളും അന്വേഷിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ സ്‌പെക്ട്രം ലൈസന്‍സ് നേടിയ കമ്പനികള്‍ക്ക് പൊതുമേഖലാ കമ്പനികള്‍ നല്‍കിയ 10,000 കോടിയുടെ വായ്പ്പയെക്കുറിച്ചും അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.