എഡിറ്റര്‍
എഡിറ്റര്‍
മല്ല്യയെ നേരിട്ട് ഹാജരാക്കിയാല്‍ മാത്രമേ ശിക്ഷ വിധിക്കൂവെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി
എഡിറ്റര്‍
Friday 14th July 2017 7:22pm

ന്യൂദല്‍ഹി: വിജയ് മല്യയെ നേരിട്ട് ഹാജരാക്കിയാല്‍ മാത്രമേ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷ വിധിക്കൂ എന്ന് സുപ്രീം കോടതി. വിജയ് മല്ല്യയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശവും സുപ്രീം കോടതി നല്‍കി.
മല്ല്യയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.

2018 ജനുവരിയോടെ മല്ല്യയെ തിരിച്ചെത്തിക്കാനാകുമെന്നാണ് കരുതുന്നതെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ വ്യക്തമാക്കി. കഴിഞ്ഞ മെയ് മാസമായിരുന്നു ലണ്ടനില്‍ കഴിയുന്ന പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ച വിജയ് മല്ല്യയെ വിട്ടുകിട്ടണമെന്ന് കേന്ദ്രം ബ്രിട്ടനോട് ആവശ്യപ്പെട്ടത്.

പൊതുമേഖല ബാങ്കുകളില്‍ നിന്ന് 9,000 കോടിയോളം രൂപ വായ്പയെടുത്ത ശേഷം മുങ്ങിയതോടെയാണ് മദ്യരാജാവിനെതിരെ ബാങ്കുകള്‍ നിയമനടപടിക്ക് ഒരുങ്ങിയത്. 2016 ഫെബ്രുവരിയില്‍ ലണ്ടന്‍ ആസ്ഥാനമായ ഡിയാജിയോ പിഎല്‍സി എന്ന ഭീമന്‍ മദ്യകമ്പനിയില്‍ നിന്ന് മല്ല്യയ്ക്ക് 40 ദശലക്ഷം ഡോളര്‍ ലഭിച്ചിരുന്നു. വായ്പ തിരിച്ചടയ്ക്കുന്നതിന് പകരം തുക തന്റെ മൂന്ന് മക്കളുടെ പേരില്‍ എഴുതിയിടുകയാണ് മല്ല്യ ചെയ്തത്.

മല്ല്യ കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. ജൂലൈ 10ന് കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടു. സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായും അറിയിക്കുന്നതില്‍ മല്ല്യ പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Advertisement