എഡിറ്റര്‍
എഡിറ്റര്‍
സുബ്രതോ റോയിയുടെ മുഖത്ത് മഷിയൊഴിച്ച സംഭവം: സുപ്രീംകോടതി കേസെടുത്തു
എഡിറ്റര്‍
Wednesday 5th March 2014 5:32pm

subratha-ray

ന്യൂദല്‍ഹി: സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിയുടെ മുഖത്ത് മഷിയൊഴിച്ച സംഭവത്തില്‍ അഭിഭാഷകനായ മനോജ് ശര്‍മക്കെതിരെ സുപ്രീംകോടതി കേസെടുത്തു. കോടതിയലക്ഷ്യത്തിന് മനോജ് ശര്‍മക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

20,000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസില്‍ ലഖ്‌നോവില്‍നിന്ന് അറസ്റ്റ് ചെയ്ത സുബ്രതോ റോയി ഇന്നലെ കോടതിയില്‍ ഹാജരായപ്പോഴായിരുന്നു ശര്‍മ മുഖത്ത് മഷിയൊഴിച്ചത്.

പാവങ്ങളുടെ പണം കൊള്ളയടിച്ച കള്ളനെന്ന് വിളിച്ചായിരുന്നു റോയിയുടെ മുഖത്തേക്ക് മഷിയൊഴിച്ചത്. മഷിയില്‍ കുതിര്‍ന്ന റോയിയെ പോലീസും അഭിഭാഷകരും ചേര്‍ന്ന് പണിപ്പെട്ടാണ് തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.

സുബ്രതോ റോയിയെ ആക്രമിച്ചതിന് സഹാറ ഗ്രൂപ്പ് അനുകൂലികളും പോലീസും മനോജ് ശര്‍മയെ മര്‍ദ്ദിക്കുകയും ചെയ്തു.

നേരത്തെ സുരേഷ് കല്‍മാഡിക്കെതിരെ ഷൂസെറിഞ്ഞ് വാര്‍ത്ത സൃഷ്ടിച്ചയാളാണ് മനോജ് ശര്‍മ. അഴിമതി തെളിയിക്കുന്നതിനായി 2005-2006ല്‍ മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ പേരില്‍ വ്യജ മരണ സര്‍ട്ടിഫിക്കറ്റുണ്ടാക്കി നേരത്തെയും വിവാദം സൃഷ്ടിച്ചിരുന്നു.

സുബ്രതോ റോയിക്കെതിരെയുള്ള തട്ടിപ്പുകേസില്‍ മാര്‍ച്ച് 11ന് വാദം കേള്‍ക്കും വരെ റോയിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം തിരിച്ചു നല്‍കുന്നതിനായുള്ള പദ്ധതി സമര്‍പ്പിക്കാനും റോയിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ തീഹാര്‍ ജയിലിലാണ് സുബ്രതോ റോയ്.

അതേസമയം, സുബ്രതോ റോയിയുടെ മാപ്പപേക്ഷ സുപ്രീം കോടതി ഇന്നലെ അംഗീകരിച്ചിരുന്നു.

കോടതിയില്‍ ഹാജറാവാന്‍ കഴിയാത്തിന് സുബ്രതോ റോയി കോടതിയില്‍ മാപ്പപേക്ഷ നല്‍കിയിരുന്നു. ന്യായമായ കാരണങ്ങള്‍ക്കൊണ്ടാണ് റോയിക്ക് ഹാജറാവാന്‍ കഴിയാതിരുന്നതെന്ന് കോടതി അറിയിച്ചു.

Advertisement