എഡിറ്റര്‍
എഡിറ്റര്‍
ഫേസ്ബുക്ക് അറസ്റ്റ്: സുപ്രീംകോടതി വിശദീകരണം തേടി
എഡിറ്റര്‍
Friday 30th November 2012 1:00pm

ന്യൂദല്‍ഹി: ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ സംസ്‌ക്കാര ദിവസം ആചരിച്ച ശിവസേന ബന്ദിനെതിരെ ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തുകയും ആ അഭിപ്രായത്തെ അനുകൂലിക്കുകയും ചെയ്ത രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി.

Ads By Google

സംഭവത്തില്‍ ദല്‍ഹി, ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. സംഭവം അങ്ങേയറ്റം അപലപനീയമാണെന്നാണ് കോടതിയുടെ നിരീക്ഷണം.

അതേസമയം, ഓണ്‍ലൈന്‍ പോസ്റ്റിങ്ങുകളുടെ പേരില്‍ ആളുകളെ അനാവശ്യമായി അറസ്റ്റ് ചെയ്യുന്നത് തടയുന്നതിനുള്ള ഐ.ടി നിയമത്തിലെ  66 എ വകുപ്പ് ഭേദഗതി ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ ആവശ്യപ്പെട്ടു. അപകടരകരമായ സന്ദേശങ്ങള്‍ അയയ്ക്കുന്നതിന് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കുന്നതാണ് വകുപ്പ്.

എന്നാല്‍ 66 എ വകുപ്പ് ഒഴിവാക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. അറ്റോര്‍ണി ജനറല്‍ ആണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. മഹാരാഷ്ട്രയില്‍ നിയമം ദുരുപയോഗം ചെയ്യപ്പെടുകയായിരുന്നു.

വകുപ്പിന്റെ ദുരുപയോഗം തടയാന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരും. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ കേസുകള്‍ ഒരുമിച്ച് പരിഗണിക്കാനും കോടതി തീരുമാനിച്ചു.

ബാല്‍ താക്കറെയുടെ മരണത്തെത്തുടര്‍ന്ന് എന്തിനാണ് മുംബൈയില്‍ ബന്ദാചരിച്ചതും ഒരു ദിവസം നഗരത്തെ നിശ്ചലമാക്കിയതുമെന്ന് ചോദിച്ചായിരുന്നു ഫെയ്‌സ്ബുക്കില്‍ പെണ്‍കുട്ടികള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. എന്നാല്‍ മതവികാരം വ്രണപ്പെടുത്തിയെന്ന പേരിലാണ് കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തത്‌.

ബന്ദിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയതിനെ മതവികാരം വ്രണപ്പെടുത്തിയെന്ന് പറയുന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്ന് കാണിച്ച് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കഠ്ജു അടുത്തിടെ മുഖ്യമന്ത്രി പൃഥ്വിരാജ്  ചൗഹാന് കത്തയച്ചിരുന്നു.

ഒരു ജനാധിപത്യരാഷ്ട്രത്തിലാണ് നമ്മള്‍ ജീവിക്കുന്നത് അല്ലാതെ ഒരു ഫാസിസ്റ്റ് ഏകാധിപത്യത്തിന്‍ കീഴിലല്ല. വസ്തുത ഇതായിരിക്കെ ഈ അറസ്റ്റ് രേഖപ്പെടുത്തിയത് സെക്ഷന്‍ 341, 342 പ്രകാരം ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Advertisement