എഡിറ്റര്‍
എഡിറ്റര്‍
‘ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ അനിശ്ചിതത്വങ്ങള്‍ക്ക് വിട്ടുകൊടുത്തുകൂടാ’ കശാപ്പ് നിരോധനനിയമം നിര്‍ത്തലാക്കി സുപ്രീം കോടതി
എഡിറ്റര്‍
Tuesday 11th July 2017 1:03pm

ന്യൂദല്‍ഹി: കന്നുകാലികളിലെ കശാപ്പിനായി ചന്തയില്‍ വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി നിര്‍ത്തിവെച്ചു. ജനങ്ങളുടെ ജീവനോപാധികളെ അനിശ്ചിതത്വങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ ആവില്ലെന്നു പറഞ്ഞാണ് കോടതി നിയമം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശിച്ചത്. ചീഫ് ജസ്റ്റിസ് ജഗദീഷ് സിങ് ഖേദാറിന്റേതാണ് നിര്‍ദേശം.

നിയമം നടപ്പിലാക്കി തുടങ്ങിയിട്ടില്ലെന്ന് അറിയിച്ച കേന്ദ്രസര്‍ക്കാര്‍ ഇതിനെതിരായ പരാതികള്‍കൂടി പരിഗണിച്ചശേഷം ആഗസ്റ്റില്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് അറിയിച്ചു.

മെയ് 25നാണ് പശു ഉള്‍പ്പെടെയുള്ള കന്നുകാലികളെ കശാപ്പിനായി ചന്തയില്‍ വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു.


Must Read: ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കി; ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് അമ്മ


സര്‍ക്കാര്‍ പിന്‍വാതിലിലൂടെ ബീഫ് നിരോധനം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

നേരത്തെ മെയ് 30ന് മദ്രാസ് ഹൈക്കോടതി ഈ ഉത്തരവ് സ്‌റ്റേ ചെയ്തിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതി രാജ്യവ്യാപകമായി ബാധകമാക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാറിന്റെ വിജ്ഞാപനത്തിനെതിരെ വന്‍പ്രതിഷേധമാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് ഉത്തരവ് ബാധകമായ കന്നുകാലികളുടെ പട്ടികയില്‍ നിന്ന് പോത്തിനെ ഒഴിവാക്കിക്കൊണ്ട് തന്ത്രപരമായ നീക്കം കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നു.

സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള കാര്യത്തിന്‍മേലുള്ള കേന്ദ്രത്തിന്റെ കടന്നു കയറ്റം ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ആയിരക്കണക്കിന് കര്‍ഷകര്‍ ദുരിതത്തിലാകുമെന്നും കോടിക്കണക്കിന് വരുന്ന സാധാരണ ജനങ്ങള്‍ക്ക് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നത് മാംസാഹാരത്തില്‍ നിന്നാണെന്നും പിണറായി മോദിയെ അറിയിച്ചിരുന്നു.

Advertisement