muringoor caseന്യൂദല്‍ഹി: സിംഗൂരില്‍ ടാറ്റയുടെ നാനോ കാര്‍ നിര്‍മ്മാശാലയ്ക്കായി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ള നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഭൂമി പതിച്ചുനല്‍കുന്നത് സ്റ്റേ ചെയ്യണമെന്ന ഹരജി കല്‍ക്കത്ത ഹൈക്കോടതി തള്ളിയതിനെതിരെ ടാറ്റ ഗ്രൂപ്പ് നല്‍കിയ ഹരജിയിലാണ് കോടതി തീരുമാനം.

നാനോ കാര്‍ഫാക്ടറി നിര്‍മ്മാണത്തിനായി 2008 ല്‍ ഇടതുസര്‍ക്കാര്‍ അനുവദിച്ചുനല്‍കിയ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് 997 ഏക്കര്‍ ഭൂമി തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്യുന്ന സിംഗൂര്‍ ലാന്റ് ബില്‍ മമത കൊണ്ടുവരികയും ചെയ്തു.

ഗവര്‍ണറുടെ അനുമതി ലഭിച്ചിട്ടുള്ള സിംഗൂര്‍ ലാന്റ് റീഹാബിലിറ്റേഷന്‍ ആന്റ് ഡെവലപ്‌മെന്റ് ബില്‍ ജൂണ്‍ 14 നാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ പാസാക്കിയത്. ബില്ലില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ ഭൂമി തിരിച്ചുനല്‍കാനായിരുന്നു തീരുമാനം. ഈ നടപടി സ്‌റ്റേ ചെയ്യണമെന്ന ടാറ്റയുടെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.