എഡിറ്റര്‍
എഡിറ്റര്‍
ഭൂമിദാനക്കേസ്: അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ
എഡിറ്റര്‍
Friday 11th May 2012 1:39pm

vs-achuthanandanന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെയുള്ള ഭൂമിദാനക്കേസില്‍ തുടര്‍നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളാണ് കോടതി തടഞ്ഞത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനോ അന്വേഷണം തുടരുന്നതിനോ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയായിരിക്കെ വി.എസ് തന്റെ ബന്ധു ടി.കെ സോമന് കാസര്‍ഗോഡ് അനധികൃതമായി ഭൂമി അനുവദിച്ചെന്നാണ് കേസ്. ടി.കെ.സോമന്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.  ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു.

2010ലാണ് ആലപ്പുഴക്കാരനായ വി.എസ്സിന്റെ ബന്ധു ടി.കെ. സോമന് അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാസര്‍കോട് ജില്ലയില്‍ 2.33 ഏക്കര്‍ ഭൂമി പതിച്ച് നല്‍കിയത്. വിമുക്തഭടന്‍ എന്ന നിലയില്‍ ടി.കെ സോമന് അര്‍ഹതപ്പെട്ട ആനുകൂല്യമാണ് നല്‍കിയതെന്നായിരുന്നു വി.എസ്സിന്റെ വാദം. ഇതില്‍ തനിക്ക് വ്യക്തിപരമായ പങ്കില്ലെന്നും വി.എസ് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

കേസില്‍ വിജിലന്‍സ് കുറ്റപത്രം ഉടനെ സമര്‍പ്പിക്കാനിരിക്കെയാണ് കോടതി ഉത്തരവ്. ഭൂമിദാനക്കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടി.കെ.സോമനും വി.എസിന്റെ പി.എ ആയ സുരേഷും സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
Malayalam News

Advertisement