എഡിറ്റര്‍
എഡിറ്റര്‍
നെല്ലിയാമ്പതി വനഭൂമിയെന്ന് സുപ്രീം കോടതി: ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ
എഡിറ്റര്‍
Monday 13th August 2012 1:13pm

ന്യൂദല്‍ഹി: നെല്ലിയാമ്പതിയിലെ പാട്ട ഭൂമിയായ കാരപ്പാറ എസ്‌റ്റേറ്റ് വനഭൂമിയെന്ന് സുപ്രീം കോടതി. വനഭൂമിയ്ക്ക് കൈവശാവകാശം നല്‍കാനുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതിക്ക് ഇക്കാര്യത്തില്‍ തെറ്റ് പറ്റിയെന്നും പ്രാഥമിക വാദത്തില്‍ സുപ്രീം കോടതി വ്യക്തമാക്കി.

Ads By Google

നെല്ലിയാമ്പതിയിലെ കാരപ്പാറ തോട്ടം ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്ന വ്യക്തിക്ക് കൈവശാവകാശ രേഖ നല്‍കാത്ത വില്ലേജ് ഓഫീസറുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ നിന്നും നേടിയ വിധി ഇതോടെ സ്‌റ്റേ ചെയ്യപ്പെട്ടു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോയെങ്കിലും സര്‍ക്കാര്‍ ആവശ്യപ്പെടാതെയാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്.

നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ സംബന്ധിച്ച വിവാദം നിലനില്‍ക്കെ സുപ്രധാനമാണ് ഈ ഇടക്കാല വിധി. ചെറുനെല്ലി തോട്ടത്തിന്റെ കാര്യത്തില്‍ പി.സി.ജോര്‍ജും കൂട്ടരും ഉയര്‍ത്തുന്ന എല്ലാ വാദങ്ങളും കാരപ്പാറയ്ക്കും ബാധകമാണ്. 1909 ലെ വനം നോട്ടിഫിക്കേഷന്‍ തങ്ങള്‍ക്ക് ബാധകമല്ലെന്നും 1933 ല്‍ ഇറക്കിയ വിജ്ഞാപനത്തില്‍ തങ്ങള്‍ ഉള്‍പ്പെടുന്നില്ലെന്നും പാട്ടക്കരാറില്‍ കൈമാറ്റ വ്യവസ്ഥ ഉണ്ടെന്നും അടയ്ക്കുന്നത് ക്വിറ്റ് റെന്റ് ലീസാണെന്നും ഒക്കെയായിരുന്നു കാരപ്പാറയുടെയും വാദം. അതെല്ലാം സുപ്രീം കോടതി പ്രഥമദൃഷ്ട്യാ പോലും പരിഗണിച്ചില്ല.

വനഭൂമിയ്ക്ക് റവന്യൂ ഉദ്യോഗസ്ഥന്‍ കൈവശാവകാശം നല്‍കരുതെന്നും പ്രാഥമിക വാദത്തില്‍ സുപ്രീം കോടതി. ജസ്റ്റിസ് സദാശിവം ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നല്‍കിയത്. സംസ്ഥാന സര്‍ക്കാരിനായി അഡ്വ. രമേശ് ബാബു ഹാജരായി.

ഇടക്കാല വിധിയാണെങ്കിലും ഹൈക്കോടതിയില്‍ നടക്കുന്ന മറ്റ് എസ്‌റ്റേറ്റ് കേസുകളില്‍ ഈ വിധി മാധകമാവും.  ഇതോടെ നെല്ലിയാമ്പതിയിലെ തോട്ടങ്ങളുടെ കാര്യത്തില്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന എല്ലാ കേസിലും സംസ്ഥാന വനം വകുപ്പിന് അനുകൂലമായ തീരുമാനം എടുക്കാന്‍ ഹൈക്കോടതി നിര്‍ബന്ധിതമാവും. ചെറുനെല്ലി വനഭൂമിയല്ല എന്ന വാദവുമായി ചീഫ് വിപ്പ് പി.സി ജോര്‍ജ് നേരത്തെ രംഗത്ത് വന്നിരുന്നു. മറിച്ച് തെളിയിച്ചാല്‍ താന്‍ ഈ പണി നിര്‍ത്തുമെന്നും ജോര്‍ജ് വനം മന്ത്രിയെ പരസ്യമായി വെല്ലു വിളിച്ചിരുന്നു. ഇന്നത്തെ ഇടക്കാലവിധി പി.സി.ജോര്‍ജിന്റെ വാദങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്.

Advertisement