എഡിറ്റര്‍
എഡിറ്റര്‍
ദേവീന്ദര്‍പാല്‍ ഭുള്ളറിന്റെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു
എഡിറ്റര്‍
Friday 31st January 2014 10:55am

Devinder Pal Singh Bhullar, ദേവീന്ദര്‍ പാല്‍ സിങ് ബുള്ളര്‍

ന്യൂദല്‍ഹി: 1993 ലെ ദല്‍ഹി ബോംബ് സ്‌ഫോടനക്കേസിലെ പ്രതി ദേവീന്ദര്‍പാല്‍ ഭുള്ളറിന്റെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭുള്ളര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഭുള്ളറിന്റെ മാനസികാരോഗ്യനിലയെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കകം നല്‍കാനും സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കി.

തന്റെ ദയാഹരജി പരിഗണിക്കുന്നതില്‍ അത്യധികമായ കാലതാമസമുണ്ടായതായി ഭുള്ളര്‍ ഹരജിയില്‍ പറഞ്ഞിരുന്നു. കൂടാതെ തനിക്ക് സ്‌കിസോഫ്രീനിയ (പ്രവൃത്തികള്‍ക്ക് ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന മാനസികരോഗം) എന്ന അസുഖമുണ്ടെന്നും ഭുള്ളര്‍ കോടതിയെ അറിയിച്ചിരുന്നു.

1993 ല്‍ ദല്‍ഹി യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തിലാണ് ഭുള്ളറിനെ വധശിക്ഷയ്ക്ക് വിധിച്ചത്. സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ദയാഹരജി പരിഗണിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്ന് അല്‍പ്പ ദിവസം മുമ്പ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഭുള്ളര്‍ ഹരജി നല്‍കിയത്.

ദയാഹരജിയില്‍ നടപടിയെടുക്കുന്നത് വൈകിയാല്‍ വധശിക്ഷ റദ്ദാക്കാമെന്നായിരുന്നു ജനുവരി 21ന് വന്ന സുപ്രീം കോടതി വിധിയില്‍ പറഞ്ഞിരുന്നത്. ദയാഹരജിയിന്മേല്‍ നടപടിയെടുക്കുന്നത് അന്യായമായി വൈകരുതെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

രാഷ്ട്രപതി ദയാഹരജി തള്ളിയ 15 പേരുടെ വധശിക്ഷ  ജീവപര്യന്തമായി കുറച്ചു കൊണ്ടാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്. മാനസിക രോഗമുള്ളവര്‍ക്ക് വധശിക്ഷ നല്‍കരുതെന്നും സുപ്രീം കോടതി വിധിയില്‍ പറഞ്ഞിരുന്നു.

2003 ല്‍ രാഷ്ട്രപതിക്ക് ബുള്ളര്‍ ദയാഹരജി നല്‍കിയിരുന്നെങ്കിലും 8 വര്‍ഷങ്ങള്‍ക്ക് ശേഷം 2011 ലാണ് ദയാഹരജി പരിഗണിക്കുന്നത്. അന്ന് രാഷ്ട്രപതി ബുള്ളറിന്റെ ദയാഹരജി തള്ളുകയും ചെയ്തിരുന്നു.

2011 ല്‍ ബുള്ളര്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദയാഹരജി പരിഗണിക്കുന്നതില്‍ വന്ന കാലതാമസം ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി നല്‍കിയിരുന്നത്. ബുള്ളര്‍ സുപ്രീം കോടതിയെ സമീപിച്ച് ഒരാഴ്ച്ചയ്ക്ക് ശേഷം രാഷ്ട്രപതി ദയാഹരജി തള്ളുന്നത്.

Advertisement