എഡിറ്റര്‍
എഡിറ്റര്‍
എതിരാളികളെ കുടുക്കാനുള്ള മോഡിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി; ഭട്ടിനെതിരെയുള്ള കേസ് നിര്‍ത്തിവെക്കണമെന്ന് സുപ്രീംകോടതി
എഡിറ്റര്‍
Friday 20th April 2012 12:30pm

ന്യൂദല്‍ഹി: മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനെതിരായ എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവ്. കേസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നു ഗുജറാത്ത് സര്‍ക്കാരിനോടു സുപ്രീംകോടതി ഉത്തരവിട്ടു. ഗുജറാത്ത് കലാപക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു മുന്‍പാകെ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരേ വ്യാജമൊഴി നല്‍കാന്‍ കോണ്‍സ്റ്റബിളിനെ പ്രേരിപ്പിച്ചെന്ന കേസിലാണു ഭട്ടിനെതിരെയുള്ള കേസ്. പന്ത് എന്ന കോണ്‍സ്റ്റബിളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

2002 കലാപങ്ങള്‍ക്കു മുന്‍പു മോഡി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെന്നു ഭട്ട് എസ്.ഐ.ടിക്കു മൊഴി നല്‍കിയിരുന്നു. ഈ യോഗത്തില്‍ ഭൂരിപക്ഷ മതവിഭാഗങ്ങളെ സംരക്ഷിക്കുന്ന നിലപാട് എടുക്കണമെന്നു മോഡി ആവശ്യപ്പെട്ടുവെന്നും മൊഴിയില്‍ പറയുന്നു. ഈ മൊഴിയെ ആദ്യം അനുകൂലിച്ച കോണ്‍സ്റ്റബിള്‍ പന്ത് പിന്നീട് ഭട്ടിനെതിരെ തിരിയുകയായിരുന്നു.

ഇതെ തുടര്‍ന്ന് ഗുജറാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ ട്ട് നല്‍കിയ ഹര്‍ജിയിലാണു കോടതി നിര്‍ദേശം. കേസ് എസ്.ഐ.ടിയെക്കൊണ്ട് അന്വേഷിപ്പിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി ജൂലൈ 15നു പരിഗണിക്കും. കേസില്‍ സെപ്തംബര്‍ 30ന് സഞ്ജീവ് ഭട്ടിനെ അറസ്റ്റു ചെയ്തിരുന്നു. ഒക്ടോബര്‍ 17ന് കോടതി ജാമ്യം നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസം സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെതിരെയുള്ള അന്വേഷണം നിര്‍ത്തിവെക്കണമെന്നും സൂപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ പണ്ടര്‍വാഡയില്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കുഴിമാടത്തില്‍നിന്ന് മാന്തിയെടുത്തുവെന്നാരോപിച്ച് മോഡിയുടെ പൊലീസ് നടത്തുന്ന അന്വേഷണമാണ് ജസ്റ്റിസുമാരായ അഫ്താബ് ആലവും രഞ്ജന പ്രകാശ് ദേശായിയുമടങ്ങുന്ന ബെഞ്ച് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടത്.

Malayalam News

Kerala News in English

Advertisement