ന്യൂദല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. തര്‍ക്കമന്ദിരം വിഭജിക്കണമെന്ന ഹൈക്കോടതിയുടെ വിധി ഏറെ വിചിത്രമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

വിവിധ ഹിന്ദു-മുസ്‌ലിം സംഘടനകള്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി നിര്‍ണായകമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സ്ഥലത്ത് 1993 മുതലുള്ള സ്ഥിതി തുടരാമെന്നും പൂജ തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി വിഭജിച്ച് നല്‍കണമെന്ന് ആരും ആവശ്യപ്പെട്ടിരുന്നില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

നിര്‍മോഹി അഖാര, അഖില ഭാരതീയ ഹിന്ദുമഹാസഭ, ജാമിയത്ത് ഉലമാ ഇ ഹിന്ദ് എന്നീ സംഘടനകള്‍ നല്‍കിയിട്ടുള്ള അപ്പീലിന്‍മേലാണ് ജസ്റ്റിസ് അഫ്ത്താബ് ആലം, ജസ്റ്റിസ് ആര്‍.എം ലോധ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിര്‍ണായകമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

അയോധ്യ വിധി

ബാബരി മസ്ജിദ് നിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി മുസ്ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും നിര്‍മോഹി അഖാരക്കും വീതിച്ച് നല്‍കിക്കൊണ്ടായിരുന്നു അലഹബാദ് ഹൈക്കോതി വിധി പ്രസ്താവിച്ചിരിക്കുന്നത്.

വിധിയില്‍ നിരവധി വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയിരുന്നു. ബാബരി മസ്ജിദിന്റെ മധ്യ താഴികക്കുടം നിന്നിരുന്ന സ്ഥലത്താണ് ‘രാം ലല്ല’ (ശൈശവ രാമന്‍ ) ജനിച്ചതെന്നും ആ സ്ഥലം ഹിന്ദുക്കള്‍ക്ക് നല്‍കണമെന്നുമാണ് കോടതി പരാമര്‍ശിച്ചിരുന്നത്. ഇതിനെ റോമില്ല ഥാപ്പറും ആര്‍.എസ്.ശര്‍മ്മയുമടക്കം നിരവധി ചരിത്രകാരന്‍മാര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.