എഡിറ്റര്‍
എഡിറ്റര്‍
ജഡ്ജുമാര്‍ക്കെതിരെയുള്ള ലൈംഗികാരോപണം അന്വേഷിക്കാന്‍ പ്രത്യേക സംവിധാനം
എഡിറ്റര്‍
Wednesday 15th January 2014 11:38am

supreme-court-3

ന്യൂദല്‍ഹി: ജഡ്ജുമാര്‍ക്കെതിരെയുള്ള ലൈംഗികാരോപണ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് സുപ്രീം കോടതി.

ദേശീയ ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്ത്രകുമാറിനെതിരെയുള്ള ഹരജി പരിഗണിക്കവേയാണ് കോടതി പരാമര്‍ശം. ഇതിനായി അഡ്വ. ഫാലി നരിമാനേയും വേണുഗോപാലിനേയും അമിക്കസ് ക്യൂറിമാരായി നിയോഗിച്ചു.

ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനും അറ്റോര്‍ണി ജനറല്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. സുപ്രീം കോടതി, ഹൈക്കോടതി, ജില്ലാ കോടതി എന്നിവയും വിരമിച്ച ജഡ്ജുമാരും ഇപ്പോഴത്തെ ജഡ്ജുമാരും പുതിയ സംവിധാനത്തിന്റെ പരിധിയില്‍ വരും.

യുവ അഭിഭാഷകയാണ് സ്വതന്ത്രകുമാറിനെതിരെ ലൈംഗികാരോപണവുയമായി എത്തിയത്. സ്വതന്ത്രകുമാറിനെതിരെയുള്ള പരാതി ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും കോടതി അറിയിച്ചു.

അഭിഭാഷകയായിരുന്നിട്ടും പരാതി നല്‍കാന്‍ പെണ്‍കുട്ടി എന്തുകൊണ്ട് വൈകിയെന്നും കോടതി ചോദിച്ചു.

മുന്‍ ജഡ്ജുമാരെ നിയന്ത്രിക്കുന്നതിനായി കൃത്യമായ രീതിയില്ലെന്നും അതിനാല്‍ അവര്‍ക്കെതിരെയുള്ള പരാതികള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്നുമുള്ള സുപ്രീം കോടതിയുടെ നേരത്തേയുള്ള പരാമര്‍ശം ഏറെ വിവാദമായിരുന്നു.

അടുത്തിടെയായി രണ്ട് സുപ്രീം കോടതി ജഡ്ജുമാര്‍ക്കെതിരെയാണ് ലൈംഗികാരോപണമുയര്‍ന്നത്. യുവ അഭിഭാഷകരാണ് ജഡ്ജുമാര്‍ക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്.

ജസ്റ്റിസ് സ്വതന്ത്രകുമാര്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവ അഭിഭാഷകയുടെ പരാതി. എന്നാല്‍ ഈ ആരോപണം സ്വതന്ത്രകുമാര്‍ നിഷേധിച്ചിട്ടുണ്ട്.

ലൈംഗികാരോപണ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങള്‍ക്കും ചാനലുകള്‍ക്കുമെതിരെ സ്വതന്ത്രകുമാര്‍ വക്കീല്‍ നോട്ടീസയച്ചിരുന്നു.

സുപ്രീം കോടതി മുന്‍ ജസ്റ്റിസ് എ.കെ ഗാംഗുലിക്കെതിരെയും ലൈംഗികാരോപണം ഉണ്ടായിരുന്നു.

Advertisement