ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തീഹാര്‍ ജയിലില്‍ നിന്നു ജമ്മുകാശ്മീരിലെ ജയിലിലേക്കു മാറ്റുന്നതിനെ കുറിച്ചു സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടി. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയാണ് അഫ്‌സല്‍ ഗുരു. തന്നെ സ്വദേശമായ കാശ്മീരിലെ ജയിലിലേക്ക് മാറ്റണമെന്ന അഫ്‌സല്‍ ഗുരുവിന്റെ അപേക്ഷയിന്മേലാണ് സുപ്രീം കോടതിയുടെ നടപടി.

തന്നെ കാണാനായെത്തുന്ന ബന്ധുക്കള്‍ക്ക് ദല്‍ഹിയിലേക്കുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഫ്‌സല്‍ ഹരജി നല്‍കിയത്. അഫ്‌സലിന് 11 വയസുള്ള മകനും 80 കഴിഞ്ഞ അമ്മയുമാണ് ഉള്ളതെന്നും ആ പരിഗണന പ്രതിക്കു നല്‍കണമെന്നും പ്രതിഭാഗം വാദിച്ചു. കാശ്മീരിനു സമീപമുള്ള പഞ്ചാബിലെ പത്താന്‍കാട് ജയിലിലേക്കുമാറ്റിയാലും മതിയെന്ന് അഫ്‌സല്‍ ഗുരുവിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

ജസ്റ്റിസുമാരായ അഫ്താബ് ആലം, ആര്‍.എം.ലോധ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കാശ്മീര്‍ ഒഴികെ മറ്റേതെങ്കിലും ജയിലിലേക്ക് മാറാന്‍ അഫ്‌സല്‍ ഗുരുവിന് താല്‍പര്യമുണ്ടോയെന്ന് കോടതി അദ്ദേഹത്തിന്റെ അഭിഭാഷകനോട് ആരാഞ്ഞു. അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജിയുടെ കാര്യവും കോടതി ആരാഞ്ഞു.