എഡിറ്റര്‍
എഡിറ്റര്‍
വിദ്യാര്‍ത്ഥികളുടെ തലയെണ്ണല്‍: പോലീസിന്റെ ആവശ്യമില്ലെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Wednesday 6th February 2013 10:18am

ന്യൂദല്‍ഹി: സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ തലയെണ്ണാന്‍ വിദ്യഭ്യാസവകുപ്പിന്റെ സര്‍ക്കുലര്‍ മതിയെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ കെ.എസ് രാധാകൃഷ്ണനും, ദീപക് മിശ്രയുമടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. തൃശൂര്‍ എസ്.എന്‍.യു.പി സ്‌കൂളിലെ തലയെണ്ണലുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ വിധി.

Ads By Google

2011 ല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം സംബന്ധിച്ച് വ്യാജരേഖ ചമക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുട്ടികളുടെ എണ്ണം പരിശോധിക്കാന്‍ പോലീസിനെ നിയോഗിക്കാം എന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. സ്‌കൂളിലെ എല്ലാ രേഖകളും പോലീസിന് യഥേഷ്ടം സംരക്ഷിക്കാമെന്നും കുട്ടികളുടെ തിരിച്ചറിയല്‍ അടയാളങ്ങള്‍ സ്വീകരിക്കാമെന്നും അന്നത്തെ ഹൈക്കോടതി വിധിയില്‍ പറഞ്ഞിരുന്നു.

വിദ്യഭ്യാസ വകുപ്പിന്റെ സഹകരണമോ അനുവാദമോ കൂടാതെ പോലീസിന് സ്വതന്ത്ര അന്വേഷണം നടത്താമെന്ന ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരെ  അധ്യാപക വിദ്യാര്‍ത്ഥി സംഘടനകള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

കുട്ടികളുടെ കണക്കെടുക്കാന്‍ പോലീസ് എത്തുന്നത് വിദ്യാലയ അന്തരീക്ഷത്തെ ദോഷമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

സര്‍ക്കാറിന്റെ അപ്പീല്‍ അംഗീകരിച്ച് നേരത്തെ ഉണ്ടായിരുന്ന ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. 2012 ല്‍ സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ ഐ.ടി അറ്റ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായിരുന്നു. ഇതിന്റെ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിലൂടെ വിദ്യര്‍ത്ഥികളുടെ  കൃത്യമായ എണ്ണം തിരിച്ചറിയാനാകുമായിരുന്നു. കൂടാതെ കുട്ടികളുടെ എണ്ണം നിശ്ചയിക്കാനുള്ള എല്ലാ വ്യവസ്ഥകളും കേരള വിദ്യഭ്യാസ ചട്ടത്തില്‍ ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാറിന്റെ ഈ രണ്ട് വാദങ്ങളും സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.

Advertisement