ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതിയുണ്ടാക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട സി.ബി.ഐയുടെ അന്വേഷണ പൂരോഗതി വിലയിരുത്തവെയാണ് സുപ്രീം കോടതി ഈ നിര്‍ദേശം മുന്നോട്ട് വച്ചത്.

സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിരൂപയുടെ നഷ്ടം സംഭവിച്ചതായി സി.എ.ജി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. ഇതേ തുടര്‍ന്ന് നവംബറില്‍ രാജിവച്ച മുന്‍ ടെലികോം മന്ത്രി എ.രാജയെ അറസ്റ്റ് ചെയ്തിരുന്നു. നിയമവിരുദ്ധമായി ചില കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കി എന്ന ആരോപണമാണ് രാജയുടെ മേലുള്ളത്.

മാര്‍ച്ച് 31ന് കേസുമായി ബന്ധപ്പെട്ട് ആദ്യ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.