ന്യൂദല്‍ഹി: ഭോപ്പാല്‍ വാതകദുരന്തക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. പ്രതികളുടെ കുറ്റം ലഘൂകരിച്ചതിനെതിരേ സി.ബി.ഐ സമര്‍പ്പിച്ച തിരുത്തല്‍ ഹരജിയാണ് കോടതി തള്ളിയത്.

ഹരജിയുടെ നിയമസാധുത വ്യക്തമാക്കുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടതായി സുപ്രീംകോടതി പറഞ്ഞു. പ്രതികളുടെ കുറ്റം ലഘൂകരിച്ചുകൊണ്ടുള്ള 1996ലെ ഉത്തരവ് ശരിവെയ്ക്കുകയാണ് ഈ വിധിയിലൂടെ കോടതി ചെയ്തിരിക്കുന്നത്.

1996ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി എല്ലാ തെളിവുകളുടേയും അടിസ്ഥാനത്തിലുള്ളതായിരുന്നു. ഈ വിധി മറ്റുകോടതികളെ സമീപിക്കുന്നതില്‍ നിന്ന് സി.ബി.ഐയെ ഒരുതരത്തിലും തടയുന്നതായിരുന്നില്ല. എന്നിട്ടും നീണ്ട പതിനാലുവര്‍ഷം കാലതാമസം വരുത്തിയ സി.ബി.ഐയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും വിധി പ്രഖ്യാപിക്കവേ സുപ്രീംകോടതി വ്യക്തമാക്കി.

ഭോപ്പാല്‍ ദുരന്തത്തില്‍ പ്രതികളായിരുന്ന ഏഴുപേര്‍ക്കെതിരേ നരഹത്യാക്കുറ്റം ചുമത്താനാവില്ല എന്നായിരുന്നു 1996ലെ സുപ്രധാന വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്. പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള അപ്പീലുമായി മുന്നോട്ടുപോവുകയെന്ന ഉപായം മാത്രമാണ് കേന്ദ്രത്തിനും സി.ബി.ഐയ്ക്കും മുന്നിലുള്ളത്.