എഡിറ്റര്‍
എഡിറ്റര്‍
വ്യാജഏറ്റുമുട്ടല്‍: അമിത് ഷായുടെ ജാമ്യം റദ്ദാക്കേണ്ടെന്ന് കോടതി
എഡിറ്റര്‍
Thursday 27th September 2012 11:10am

ന്യൂദല്‍ഹി: സൊഹ്‌റാബുദീന്‍ ശൈഖ് വ്യാജഏറ്റുമുട്ടല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഗുജറാത്തിലെ മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് സുപ്രീകോടതി. അമിത് ഷായുടെ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു.

എന്നാല്‍ വിചാരണ മുബൈയിലേക്കു മാറ്റാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അമിത് ഷായുടെ ജാമ്യം റദ്ദാക്കണമെന്നും കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ ആണ് ഹരജി നല്‍കിയത്.

Ads By Google

കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ കോടതിയെ സമീപിച്ചത്. അറസ്റ്റ് ചെയ്യപ്പട്ട ശേഷവും പൊലിസിന്റെ ഒത്താശ ലഭിച്ച അമിത് ഷാക്ക് എതിരായ വിചാരണ ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്നും സി.ബി.ഐ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.

ഹൈദരാബാദില്‍ നിന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.) തട്ടിക്കൊണ്ടുപോയ സൊഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും 2005 നവംബറില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു.

സംഭവത്തിന് സാക്ഷിയായ തുളസി റാം പ്രജാപതിയെ പിന്നീട് എ.ടി.എസ്. കൊലപ്പെടുത്തിയെന്ന് സി.ബി.ഐ പറയുന്നു.

2010 ജൂലൈ 25നാണ് അമിത് ഷാ അറസ്റ്റു ചെയ്യപ്പെടുന്നത്. മൂന്നുമാസത്തോളം അഹമ്മദാബാദിലെ സബര്‍മതി ജയിലിലായിരുന്ന ഇയാള്‍ക്ക് ഗുജറാത്ത് ഹൈകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

സൊഹ്‌റാബുദ്ദീനും ഭാര്യ കൗസര്‍ബിയും കൊല്ലപ്പെട്ട 2005ലെ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ സൂത്രധാരനെന്ന് സി.ബി.ഐ കരുതുന്ന അറുപതുകാരനായ അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി  നരേന്ദ്ര മോഡിയുടെ വലം കൈയ്യാണ്‌.

Advertisement