എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: മോഹനന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
എഡിറ്റര്‍
Friday 1st February 2013 12:30pm

ന്യൂദല്‍ഹി: ടി.പി വധക്കേസില്‍ ജയിലില്‍ കഴിയുന്ന സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനന്‍ മാസ്റ്ററുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസില്‍ ദൃക്‌സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായ ശേഷം വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Ads By Google

മോഹനന് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മോഹനന് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് രമ കോടതിയില്‍ പറഞ്ഞിരുന്നു.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ വാദം പരിഗണിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ മോഹനന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് പി. മോഹനന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ആറ് മാസമായി ജാമ്യമില്ലാതെ തടവില്‍ കഴിയുകയാണെന്നും കേസിലെ ഒമ്പതും പത്തും പ്രതികളായ സി.എച്ച്. അശോകന്‍, കൃഷ്ണന്‍ എന്നിവര്‍ക്ക് നേരത്തേ ജാമ്യംലഭിച്ചിട്ടുണ്ടെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു.

കെ.കെ.ലതിക എം.എല്‍.എയുടെ ഭര്‍ത്താവാണ് മോഹനന്‍.

ചന്ദ്രശേഖരന്‍ വധത്തില്‍ അറസ്റ്റിലായ  പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മോഹനനെ പോലീസ് അറസ്്റ്റ് ചെയ്യുന്നത്.

ടി.പി.ചന്ദ്രശേഖരനെ വധിക്കാന്‍ അന്തിമ തീരുമാനം എടുത്തത് ഒരു ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്നുവെന്ന് കുഞ്ഞനന്തന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

Advertisement