ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ അറ്റകുറ്റപ്പണി നടത്താനനുവദിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കോടതി തള്ളി. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി ഭരണഘടനാബെഞ്ച് വ്യക്തമാക്കി.

അണക്കെട്ടിലെ വിള്ളലുകളിലും മറ്റും അറ്റകുറ്റപ്പണി നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഹരജി നല്‍കിയത്. പുതിയ ഡാം നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണം ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും കോടതി പരിഗണിച്ചില്ല.

ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തമിഴ്‌നാടിന്റെയും കേരളത്തിന്റെയും ആവശ്യം പരിഗണിക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി. ഉന്നതാധികാര സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി ഫെബ്രുവരി 29വരെ നീട്ടിനല്‍കിയിട്ടുമുണ്ട്. നേരത്തെ ഒക്ടോബര്‍ 31വരെയായിരുന്നു സമയപരിധി അനുവദിച്ചിരുന്നത്.

കഴിഞ്ഞമാര്‍ച്ചിലായിരുന്നു തമിഴ്‌നാട് ഹരജി സമര്‍പ്പിച്ചത്.

സാങ്കേതിക ഉപദേഷ്ടാവിനെ നിയമിക്കണമെന്ന ഉന്നതാധികാര സമിതിയുടെ നിര്‍ദേശം പാലിച്ചില്ലെന്ന് കാട്ടി കേന്ദ്ര ജലവിഭവ വകുപ്പിനെയും ബെഞ്ച് വിമര്‍ശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.