kanimozhiന്യൂദല്‍ഹി: ടു.ജി സ്‌പെക്ട്രം അഴിമതി കേസില്‍ കനിമൊഴിക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. കുറ്റം ചുമത്തിക്കഴിഞ്ഞാല്‍ വിചാരണ കോടതിയെ വേണമെങ്കില്‍ ജാമ്യത്തിനായി സമീപിക്കാമെന്ന് ജസ്റ്റിസുമാരായ ജി.എസ് സിഗ്‌വി, വി.എസ് ചൗഹാന്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. കലൈഞ്ജര്‍ ടി.വി എം.ഡി ശരത്കുമാറിനും കോടതി ജാമ്യം നിഷേധിച്ചിട്ടുണ്ട്.

നേരത്തെ രണ്ട് കോടതികളില്‍ കനിമൊഴി ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. ടു.ജി. സ്‌പെക്ട്രം അഴിമതിപ്പണത്തില്‍ നിന്നും 200 കോടി രൂപ ഡി.ബി റിയാലിറ്റീസ് വഴി കലൈഞ്ജര്‍ ടി.വിക്ക് ലഭിച്ചുവെന്നാണ് കേസ്. ഇതിനായി കനിമൊഴി ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
നേരത്തെ ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മെയ് 20 മുതല്‍ കനിമൊഴി തിഹാര്‍ ജയിലില്‍ കഴിയുകയാണ്.