ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തില്‍ തനിക്കതിരെ സിബിഐയുടെ പ്രാഥമിക അന്വേഷണം ഉത്തരവിട്ട ആന്ധ്രാപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ ആന്ദ്ര മുന്‍ മുഖ്യമന്ത്രി അന്തരിച്ച വൈ എസ് രാജശേഖര റെഡ്ഡിയുടെ മകനും വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാവുമായ ജഗന്‍ മോഹന്‍ റെഡ്ഡി സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി, ജസ്റ്റിസ് ദീപക് വര്‍മ എന്നിവരുള്‍പ്പെട്ട ബെഞ്ചാണു ഹൈക്കോടതിയുടെ വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്.

പ്രാഥമിക അന്വേഷണം മാത്രമാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജഗനെതിരെ ഈ അന്വേഷണത്തില്‍ വ്യക്തമായ തെളിവു കണ്ടെത്താനായില്ലെങ്കില്‍ തുടരന്വേഷണം ഉണ്ടാവില്ലെന്നിരിക്കെ വിധിയില്‍ ഇടപെടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

നേരത്തെ കോണ്‍ഗ്രസ് നേതാവ് പി ശങ്കര്‍ റാവു നല്‍കിയ പരാതി പരിഗണിക്കവേയാണ് കോടതി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സ്വത്ത് വിവരം സംബന്ധിച്ച് പ്രാഥമികാന്വേഷണം നടത്താന്‍ ഹൈക്കോടതി സിബി ഐ യോടാവശ്യപ്പെത്. പ്രഥമികാന്വേഷണത്തിലൂടെ മാത്രമേ പരാതിയില്‍ കഴമ്പുണ്ടോയെന്ന് കണ്ടെത്താനാവൂ എന്നും രണ്ടാഴ്ച കൊണ്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സീല്‍വച്ച് കോടതിയില്‍ സമര്‍പ്പിക്കാനുമാണ് കോടതി ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ ജഗന്‍ നല്‍കിയ ഹരജിയാണ് തള്ളിയത്.

കഴിഞ്ഞ നവംബറിലാണ് നിലവിലെ ആന്ദ്ര മന്ത്രിസഭാംഗമായ ശങ്കര്‍റാവു, ജഗമോഹന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് കേസ് ഫയല്‍ ചെയ്തത്. 2004 ല്‍ 11 ലക്ഷം മാത്രമുണ്ടായിരുന്ന ജഗന്റെ സമ്പാദ്യം ഇപ്പോള്‍ 43,000 കോടിയായി ഉയര്‍ന്നതിന്റെ സ്‌ത്രോതസ് കണ്ടെത്തണമെന്നാണ് പരാതിയില്‍ ശങ്കര്‍റാവു ഉന്നയിച്ചിരിക്കുന്നത്. ചില തെലുങ്ക്‌ദേശം നേതാക്കളും ജഗ്മോഹനെതിരെ സി.ബി. ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.