എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം: ഇന്ധനം നിറയ്ക്കലിന് സുപ്രീം കോടതി സ്‌റ്റേയില്ല
എഡിറ്റര്‍
Thursday 13th September 2012 3:22pm

ന്യൂദല്‍ഹി: കൂടംകുളം ആണവ നിലയത്തില്‍ ആണവ ഇന്ധനം നിറയ്ക്കുന്നതിന് സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജനങ്ങളുടെ സുരക്ഷയാണ് പരമപ്രധാനമെന്നും അത് ഉറപ്പാക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

ആണവ നിലയത്തില്‍ ഇന്ധനം നിറയ്ക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ആഗസ്റ്റ് 31ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സാമൂഹിക പ്രവര്‍ത്തകനായ ജി സുന്ദരാജനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്്. കൂടംകുളത്തെ ജനങ്ങളുടെ സുരക്ഷ അവഗണിച്ചുള്ളതാണ് മദ്രാസ് ഹൈക്കോടതി വിധിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

Ads By Google

സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് കൂടംകുളം സന്ദര്‍ശിച്ച വിദഗ്ധ സമിതി നിലയത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 17 നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ഇത് പാലിക്കാതെയാണ് കൂടംകുളം നിലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നതെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഹരജിക്കാരന് വേണ്ടി കോടതിയില്‍ ഹാജരായത്.

എന്നാല്‍ ഹരജിക്കാരുടെ വാദങ്ങളെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. ഒന്നിലധികം കമ്മിറ്റികള്‍ കൂടംകുളം സന്ദര്‍ശിച്ച് സുരക്ഷ ഉറപ്പുവരുത്തിയതാണെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. എന്തുകൊണ്ടാണ് 17 നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കാത്തതെന്ന് കോടതി ആരാഞ്ഞപ്പോള്‍ നിലയം പ്രവര്‍ത്തനമാരംഭിച്ചശേഷം നടപ്പാക്കേണ്ട നിര്‍ദേശങ്ങളാണിതെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ മറുപടി നല്‍കിയത്.

ഇതേത്തുടര്‍ന്ന് ഇന്ധനം നിറയ്ക്കുന്നത് സ്റ്റേ ചെയ്യേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. ഒപ്പം ജനങ്ങളുടെ സുരക്ഷയാണ് പരമപ്രധാനമെന്ന് കോടതി പറഞ്ഞു. കൂടംകുളത്തെ നിരക്ഷരരായ ജനതയുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Advertisement