muringoor caseന്യൂദല്‍ഹി: ആദിവാസികളുടെ ഭൂമി കൈയേറിയാലും കൈവശം വെച്ചാലും അത് ആദിവാസികള്‍ക്ക് തന്നെ തിരിച്ചു നല്‍കണമെന്ന് സുപ്രീംകോടതി. കൈയ്യേറ്റക്കാരുടെ താത്പര്യങ്ങളല്ല സര്‍ക്കാര്‍ സംരക്ഷിക്കേണ്ടതെന്ന് 1999ലെ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി വിധിച്ചു. ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, സി.കെ. പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

അട്ടപ്പാടി പാക്കേജുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് വിവാദമായതിനിടയിലാണ് സുപ്രീംകോടതി സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 1987ല്‍ പാലക്കാട് അഗളിയിലെ ആദിവാസി സ്ത്രീകളായ കക്കി, പൊന്നി എന്നിവരുടെ ഭൂമി കൈമാറ്റം സംബന്ധിച്ച കേസിലാണ് പരമോന്നത കോടതിയുടെ ഉത്തരവ്.

1989ലാണ് അഗളിയില്‍ ആദിവാസികളുടെ ഭൂമി കൈയ്യേറിയത്. ഭൂമി സ്വന്തം പേരില്‍ നിയമാനുസൃതമായി ലഭിക്കാനായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. കക്കി, പൊന്നി എന്നിവരുടെ ഭൂമി വിലകൊടുത്തുവാങ്ങിയെങ്കിലും ഇരുവരും പിന്നീട് അത് നിഷേധിച്ചുവെന്ന് കാണിച്ച് രാജലക്ഷ്മി, സയ്യിദ് റാവുത്തര്‍ എന്നിവരാണ് ഹരജി നല്‍കിയത്. കൃഷിക്കു കയ്യേറിയതാണെന്നായിരുന്നു കയ്യേറ്റക്കാരുടെ വാദം. എന്നാല്‍ ഹൈക്കോടതി വിധി ഇവര്‍ക്കെതിരായതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതി ഉത്തരവ് ശരിവെച്ച സുപ്രീംകോടതി മറ്റുള്ളവര്‍ ആദിവാസി ഭൂമി കൈയേറിയാലും വാങ്ങിയാലും അതു ആദിവാസികള്‍ക്ക് തിരിച്ചു നല്‍കണമെന്നും ആദിവാസി ഭൂമി ആദിവാസികള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും വ്യക്തമാക്കി. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി എങ്ങനെ കൈയ്യേറാനാകുമെന്ന് കോടതി ചോദിച്ചു. കൈമാറ്റ നിയമപ്രകാരം ആദിവാസി ഭൂമി ആദിവാസികള്‍ക്കിടയില്‍ മാത്രമേ കൈമാറ്റം ചെയ്യാന്‍ പാടുളളു എന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് ശരിവെച്ചത്.